രക്തരൂഷിതമായി മ്യാൻമർ; പൊലീസ് വെടിവയ്പിൽ 18 മരണം: അപലപിച്ച് യുഎൻ
Mail This Article
യാങ്കൂൺ ∙ മ്യാൻമറിൽ പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭത്തിലേക്ക് ഞായറാഴ്ച പൊലീസ് നടത്തിയ വെടിവയ്പിൽ 18 മരണം. 30ലധികം പേർക്ക് പരുക്കേറ്റു. യുഎൻ മനുഷ്യാവകാശ ഓഫിസാണ് സംഭവം പുറത്തുവിട്ടത്. യാങ്കൂൺ, ഡാവെ, മാൻഡലെ, മൈക്ക്, ബാഗോ, പോക്കോക്കു എന്നീ നഗരങ്ങളിലാണ് വെടിവയ്പ് നടന്നത്.
ഗ്രനേയ്ഡുകളും കണ്ണീർവാതകവും ഉൾപ്പെടെയുള്ളവയും പ്രക്ഷോഭകാരികൾക്കു നേരേ പ്രയോഗിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി യുഎൻ അറിയിച്ചു. സമാധാനപരമായ പ്രതിഷേധിക്കുന്നവർക്കെതിരെ നടത്തുന്ന അതിക്രമം ഉടൻ അവസാനിപ്പിക്കണമെന്നും വക്താവ് രവിന ഷംദസാനി പറഞ്ഞു.
പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണനിരക്കാണ് ഞായറാഴ്ചത്തേത്. ഈ മാസം 1നാണ് മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചത്.
ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. സായുധസേനാ മേധാവിയായ മിൻ ഓങ് ലെയ്ങ് ഭരണം ഏറ്റെടുത്തു. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം.
English Summary: 18 Killed In Myanmar On Bloodiest Day Of Protests Against Coup