ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം മുൻ എംപി പി.കെ.ബിജു ഉൾപ്പെടെ ആറു പേരെ സാങ്കേതിക സർവകലാശാലാ സിൻ‍ഡിക്കറ്റിലേക്കു സർക്കാർ നാമനിർദേശം ചെയ്തതു വിവാദമായി. സർവകലാശാലാ ഭരണം പിടിയിൽ ഒതുക്കുന്നതിനും താൽപര്യമുള്ളവർക്കു നിയമനം നൽകുന്നതിനുമാണു പെരുമാറ്റച്ചട്ടം നിലവിൽ വന്ന തീയതി വച്ചു പുതിയ സിൻഡിക്കറ്റ് അംഗങ്ങളെ നിയമിച്ചു സർക്കാർ ഉത്തരവ് ഇറക്കിയതെന്നാണ് ആക്ഷേപം.

ബിജുവിനു പുറമേ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഐ.സജു,ഡോ.ബി.എസ്.ജമുന(റിട്ട.പ്രഫസർ കേരള സർവകലാശാല),എസ്.വിനോദ്മോഹൻ (കൊല്ലം),ഡോ.വിനോദ് കുമാർ ജേക്കബ്(എംഎ കോളജ് ),ജി.സഞ്ജീവ് (എൻഎസ്എസ് കോളജ്, പാലക്കാട്) എന്നിവരെയാണു സിൻഡിക്കറ്റിലേക്കു നാമനിർദേശം ചെയ്തിരിക്കുന്നത്. ഇടതുപക്ഷ സംഘടനകളിൽ ഉള്ളവരാണ് എല്ലാവരും.4 വർഷമാണു കാലാവധി.

സാങ്കേതിക സർവകലാശാലയിൽ ‍ഡയറക്ടർമാരുടെ ഒഴിവിലേക്കു സ്ഥിരം നിയമനം നടത്താൻ രണ്ടു ദിവസം മുൻപു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.ഈ തസ്തികകളിലേക്കു വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനാണ് ആറു പേരെ കൂടി ഉൾപ്പെടുത്തി സിൻഡിക്കറ്റ് തിരക്കിട്ട് വിപുലീകരിച്ചതെന്നാണ് ആക്ഷേപം.നിലവിൽ അക്കാദമിക് വിദഗ്ധരും ഔദ്യോഗിക അംഗങ്ങളും മാത്രമാണു സിൻഡിക്കറ്റിൽ ഉള്ളത്. ഇവരെ വച്ചു രാഷ്ട്രീയാടിസ്ഥാനത്തിൽ നിയമനം നടത്താൻ പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് ഓർഡിനൻസിലൂടെ നിയമം ഭേദഗതി ചെയ്ത് എൽഡിഎഫിനു താൽപര്യമുള്ള 6 പേരെ നാമനിർദേശം ചെയ്തതെന്നാണ് ആക്ഷേപം.

സർവകലാശാലകളിലെ അനധ്യാപക തസ്തികകളിൽ പിഎസ്‌സിയാണു നിയമനം നടത്തേണ്ടതെങ്കിലും ഡയറക്ടർ തസ്തിക അക്കാദമിക് വിഭാഗത്തിൽ പെട്ടതാണെന്ന ന്യായീകരണത്തിലാണു നിയമനം നടത്തുന്നത്. എന്നാൽ സാങ്കേതിക സർവകലാശാലാ നിയമത്തിൽ ഈ തസ്തികകൾ അനധ്യാപക ജീവനക്കാർ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ സാഹചര്യത്തിൽ ഈ തസ്തികയിൽ സ്ഥിരം നിയമനം നടത്തുവാൻ പിഎസ്‌സിക്ക് ആണ് അധികാരമെന്നാണ് വാദം.

പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം സിൻഡിക്കറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫിസർക്കു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി.

English Summary: Controversy on PK Biju nomination to Technical University Syndicate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com