‘ദിശ’ ഉറപ്പിച്ച് രാഹുലും സ്റ്റാലിനും; മോദി-ഷാ ‘തമിഴ് കാതലി’നു പിന്നിലെ വോട്ട് രാഷ്ട്രീയം
Mail This Article
മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിയിട്ട് അരനൂറ്റാണ്ടിലേറേ കാലമായി. 1968 ജൂലൈ 18നു അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരാണു സംസ്ഥാനത്തിന്റെ പേര് തമിഴ്നാടെന്നു മാറ്റി പ്രമേയം പാസാക്കിയത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരച്ച ദ്രാവിഡ മുന്നേറ്റത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഈ പേരുമാറ്റം. മദ്രാസ് സംസ്ഥാനം തമിഴ്നാടായ ശേഷം ദ്രാവിഡ പാർട്ടികളല്ലാതെ ആരും സംസ്ഥാനം ഭരിച്ചിട്ടില്ല.
അഞ്ചു പതിറ്റാണ്ടിനിപ്പുറം വീണ്ടും തിരഞ്ഞെടുപ്പിന് ആരവമുയരുമ്പോൾ തമിഴ്നാട്ടിൽ വീണ്ടും ‘തമിഴ്’ കാർഡ് തന്നെയാണ് പ്രധാന പ്രചാരണ ആയുധം. അതിന് തെളിവ് പ്രധാനമന്ത്രിയുടെ തന്നെ വാക്കുകൾ. തമിഴ് ഭാഷ പഠിക്കാത്തതു ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ‘മൻ കീ ബാത്ത്’ റേഡിയോ പ്രഭാഷണത്തിൽ പറഞ്ഞത്. ലോകത്തെ ഏറ്റവും പ്രാചീന ഭാഷകളിൽ ഒന്നായ തമിഴിലെ സാഹിത്യ രചനകളും കവിതകളും മനോഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപിയുടെ യുവ എംപി തേജസ്വി സൂര്യ തുടങ്ങിയവരും തമിഴിനെ പുകഴ്ത്താൻ മത്സരിക്കുകയാണ്. പഴക്കമേറിയതും മധുരമേറിയതുമായ തമിഴ് ഭാഷയില്‍ തന്റെ അണികളോട് സംസാരിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നായിരുന്നു പ്രസംഗവേദിയിലെ അമിത് ഷായുടെ വാക്കുകൾ. ‘ഹിന്ദി പ്രചാരണം’ പ്രധാന അജണ്ടകളിൽ ഒന്നായ ബിജെപിയുടെ നേതാക്കളുടെ ഈ ‘തമിഴ് കാതലി’നു പിന്നിലെ രഹസ്യം എന്താണ്? തമിഴ്നാട്ടിലെ തമിഴ് ഭാഷാ വികാരത്തിന്റെ ചരിത്രം അതിനുള്ള ഉത്തരം തരും.
മുൻപേ എറിഞ്ഞ് സ്റ്റാലിനും രാഹുലും
തിരഞ്ഞെടുപ്പിന് തിരശീല ഉയരുംമുൻപു തന്നെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ തമിഴ്നാട്ടിൽ ഭാഷാ ചീട്ട് ഇറക്കിക്കഴിഞ്ഞിരുന്നു. വികസനത്തിന്റെ പേരു പറഞ്ഞ് ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിച്ചു സംസ്ഥാനത്തുനിന്നു തമിഴിനെ തുടച്ചു നീക്കാൻ ബിജെപി ശ്രമം നടത്തുമെന്നായിരുന്നു സ്റ്റാലിന്റെ പ്രസ്താവന. രാഷ്ട്രീയ നേട്ടത്തിനായി തിരുവള്ളുവരെ വരെ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും ആര്‍എസ്എസും. സംസ്ഥാനം മതേതരമായി നിലനില്‍ക്കണമെന്നാണ് തമിഴ്‌നാട്ടിലെ ജനം ആഗ്രഹിക്കുന്നതെന്നും ഒരു കാരണവശാലും അവര്‍ ബിജെപി അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞുവച്ചു.
ഹിന്ദിവിരുദ്ധത തന്നെയാണ് ദ്രാവിഡ നാട്ടിൽ അധികാരത്തിലേക്കുള്ള ചവിട്ടുപടിയെന്ന് ഉറച്ച ബോധ്യത്തിൽ തന്നെയായിരുന്നു സ്റ്റാലിന്റെ പ്രസ്താവന. അദ്ദേഹത്തിന് ഒപ്പംചേരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജല്ലിക്കെട്ട് കാണാന്‍ എത്തിയ രാഹുലിന്റെ വാക്കുകൾ ഇങ്ങനെ: ‘രാജ്യത്തിന്റെ ഭാവിക്ക് തമിഴ് സംസ്‌കാരവും ഭാഷയും ചരിത്രവും സുപ്രധാനമാണ്. രാജ്യം ഈ സംസ്‌കാരത്തെ ബഹുമാനിക്കണം. തമിഴ് ജനതയ്ക്കുമേല്‍ അധീശത്വം പുലര്‍ത്താന്‍ ശ്രമിക്കുകയും തമിഴ് സംസ്‌കാരത്തെ അവഗണിക്കുകയും ചെയ്യുന്നവര്‍ക്കുള്ള സന്ദേശമാണ് തന്റെ സന്ദര്‍ശനം. തമിഴ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ടതു തന്റെ കടമയാണ്.’ തിരഞ്ഞെടുപ്പ് കാറ്റിന്റെ ദിശ മുൻകൂട്ടി നിശ്ചയിക്കുന്നതായിരുന്നു സ്റ്റാലിന്റെയും രാഹുലിന്റെയും പ്രസ്താവനകൾ.
ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്
ഉടൽ മണ്ണിനും ഉയിർ തമിഴിനും നൽകിയ ജീവിതമാണ് തമിഴ്നാട്ടിലുള്ളവരുടേത്. “ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്, അതൈ ഉറക്കച്ചോല്‍വോം ഉലകുക്ക്’’– കലൈഞ്ജർ കരുണാനിധി തമിഴ് മക്കളെ പാടിപ്പഠിപ്പിച്ച വരികളാണിത്. അണ്ണാദുരൈയിൽനിന്നു കരുണാനിധി വഴി സ്റ്റാലിനിലെത്തി നിൽക്കുമ്പോഴും ഹിന്ദി വിരുദ്ധത എന്ന വിഷയം സജീവമായി നിൽക്കുന്നു. സ്വാതന്ത്ര്യലബ്‌ധിക്ക് മുൻപുതന്നെ തുടങ്ങിയതാണ് തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം. 1937ലെ തിരഞ്ഞെടുപ്പിൽ മദ്രാസ് പ്രസിഡന്‍സിയില്‍ സി.രാജഗോപാലാചാരി മുഖ്യമന്ത്രിയായപ്പോഴാണ് തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ആദ്യ ശ്രമം നടന്നത്. ഇതിനെതിരെ ശക്തമായ സമരം അന്ന് അരങ്ങേറി.
പെരിയോർ ഇ.വി. രാമസാമിയുടെ അന്നത്തെ ജസ്റ്റിസ് പാര്‍ട്ടിയും സമരം ഏറ്റെടുത്തതോടെ ഇതു വലിയ പ്രക്ഷോഭമായി. ദ്രാവിഡ സംസ്കാരത്തിനുമേല്‍ ബ്രാഹ്മണത്വം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമായാണ് തമിഴ്‌നാട്ടിലെ പ്രക്ഷോഭകര്‍ ഹിന്ദിയുടെ കടന്നുവരവിനെ കണ്ടത്. പെരിയോറും സി.എൻ. അണ്ണാദുരൈയും ഉൾപ്പെടെ നിരവധി പേർ അന്ന് ജയിലിലായി. രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യ പങ്കാളിയായതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് സര്‍ക്കാര്‍ രാജിവച്ചതോടെ ഹിന്ദി നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ബ്രിട്ടന്‍ പിന്‍വലിച്ചു. 1940ൽ നിർബന്ധിത ഹിന്ദി പഠനം സ്കൂളുകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ എർസ്കിൻ ഉത്തരവും പുറപ്പെടുവിച്ചു.
സ്വാതന്ത്ര്യസമരകാലത്തു രാജ്യമെങ്ങും ഹിന്ദിക്കു പ്രചാരമേകാനുള്ള കോൺഗ്രസ് നീക്കം തമിഴ് ഭാഷാ വികാരത്തിൽ ഊന്നി വളർന്ന ദ്രാവിഡ പ്രസ്ഥാനത്തിനു പോരാട്ടവീര്യമേകി. 1944ൽ പെരിയോറും സംഘവും ജസ്റ്റിസ് പാർട്ടിയുടെ പേര് ദ്രാവിഡർ കഴകം (ഡികെ) എന്നാക്കിമാറ്റി. സ്വാതന്ത്ര്യാനന്തരം ‘ദ്രാവിഡനാട്’ എന്ന സ്വന്തം രാജ്യം വേണമെന്ന ആവശ്യമുയർത്തിയ ഡികെ 1962 വരെ ഈ വാദം തുടർന്നു. എന്നാൽ, അതിനിടെ പാർട്ടി പിളർന്നു. പെരിയോറിനോട് ഇടഞ്ഞു സി.എൻ. അണ്ണാദുരൈ പക്ഷം ദ്രാവിഡ മുന്നേറ്റ കഴകത്തിനു (ഡിഎംകെ) രൂപം നൽകി. കരുണാനിധി ഉൾപ്പെടെയുള്ള നേതാക്കൾ ആ പക്ഷത്തു നിന്നു.
1963ൽ വന്ന ഔദ്യോഗിക ഭാഷാ ആക്ടാണ് ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് തമിഴ്‌നാടിനെ വീണ്ടും വേദിയാക്കിയത്. ഹിന്ദിയല്ല, ഇംഗ്ലിഷ് എക്കാലവും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായിരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് തമിഴകം പിന്മാറി. എന്നാൽ 1964ൽ ജവഹർലാൽ നെഹ്റുവിന്റെ മരണശേഷം അദ്ദേഹം നൽകിയ ഉറപ്പിന് മങ്ങലേൽക്കുമെന്ന് തമിഴകം ഭയപ്പെട്ടു.
അന്ന് മുഖ്യമന്ത്രിയായിരുന്ന എം. ഭക്തവത്സലന്റെ കീഴിലുള്ള കോൺഗ്രസ് നേതൃത്വം കൊണ്ടുവന്ന ത്രിഭാഷാ(ഇംഗ്ലിഷ്–ഹിന്ദി–തമിഴ്) നയം തമിഴ് ജനതയുടെ ഭയം ശക്തിപ്പെടുത്തി. കോളജ് വിദ്യാർഥികളുടെയും ഡിഎംകെ നേതാവ് അണ്ണാദുരൈയുടെയും നേതൃത്വത്തിൽ തമിഴ്നാട്ടിൽ അരങ്ങേറിയ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിൽ നിരവധി പേർ മരണപ്പെട്ടു. നൂറുകണക്കിനു പേർ തടങ്കലിലായി. ഭാഷാ ആക്ട് ഔദ്യോഗികമായി നിലവിൽ വന്ന 1965 ജനുവരി 25 സംസ്ഥാനത്ത് ദുഃഖാചരണം ആചരിക്കുമെന്നും അണ്ണാദുരൈ പ്രഖ്യാപിച്ചു.
അണ്ണാദുരൈയേയും 3000ത്തോളം ഡിഎംകെ പ്രവർത്തകരെയും ജയിലിലാക്കി. ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സി. സുബ്രഹ്മണ്യം, ഒ.സി അഴകേശൻ തുടങ്ങിയവർ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് രാജി കൈമാറി. ഇതേത്തുടർന്ന് 1965 ഫെബ്രുവരിയിൽ നെഹ്റുവിന്റെ വാഗ്ദാനം പാലിക്കപ്പെടുമെന്ന് റേഡിയോ അഭിസംബോധനയിൽ പ്രധാനമന്ത്രി ഉറപ്പു നൽകിയതോടെയാണ് പ്രക്ഷോഭം കെട്ടടങ്ങിയത്.
1967 തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ആഞ്ഞടിച്ച ദ്രാവിഡ തരംഗത്തിലേറി ഡിഎംകെ അധികാരത്തിലെത്തി. സംസ്ഥാനത്തെമ്പാടും അരങ്ങേറിയ ഭാഷാ പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ ദേശീയ പാര്‍ട്ടികളുടെ ആധിപത്യം അവസാനിപ്പിച്ച് ഡിഎംകെയെ അധികാരത്തിൽ ഉറപ്പിച്ചത്. 1968ല്‍ മദ്രാസ്, തമിഴ്നാടായി. ദേശീയ പാർട്ടികൾ പിന്നീട് തമിഴകം വാണില്ല.
ഭാഷ മാത്രമല്ല
ദ്രാവിഡനാട്ടിൽ, ഭാഷയ്ക്കൊപ്പം മതവും സ്വാധീന ശക്തിയാകുമോ എന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അറിയാം. ഡിഎംകെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്നായിരുന്നു ബിജെപി എംപി തേജസ്വി സൂര്യയുടെ വാക്കുകൾ. രാജ്യത്ത് ഏറ്റവുമധികം ക്ഷേത്രങ്ങളുള്ള പവിത്രഭൂമിയാണ് തമിഴ്‌നാട്. അതിന്റെ ഓരോ ഇഞ്ചും പവിത്രമാണ്. എന്നാല്‍ ഹിന്ദുവിരുദ്ധമാണ് ഡിഎംകെ. അവരെ പരാജയപ്പെടുത്തണം.
തമിഴും കന്നഡയും നിലനില്‍ക്കണമെങ്കില്‍ ഹിന്ദുത്വം ജയിക്കണം. തമിഴ്ജനതയുടെയും ഭാഷയുടെയും ആത്മാവ് പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അധികാരത്തിലിരിക്കുമ്പോള്‍ ഹിന്ദു സ്ഥാപനങ്ങളെ ആക്രമിക്കുന്ന ഡിഎംകെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് തേടിയെത്തും. ഇത് അനുവദിക്കരുതെന്നും തേജ്വസി പറഞ്ഞു.
ഭാഷ മാത്രമല്ല, മതവും വോട്ടാകും എന്ന മുന്നറിയിപ്പിലൂടെ ദ്രാവിഡ രാഷ്ട്രീയത്തില്‍ തളിര്‍ത്തു വളര്‍ന്ന ഒരു മുന്നണിക്കു കൂടി രൂപം നൽകുകയാണ് ബിജെപി. ഡിഎംകെ പിളർന്ന് എംജിആർ അണ്ണാഡിഎംകെ രൂപീകരിച്ചപ്പോൾ തന്നെ കരുണാനിധിയുടെ നിരീശ്വരവാദ പ്രത്യയശാസ്ത്രങ്ങളെ തള്ളിക്കളഞ്ഞിരുന്നു. എങ്കിലും ദ്രാവിഡ വികാരം ഉണർത്തി മാത്രമായിരുന്നു തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പുകൾ. മറ്റുഘടകങ്ങൾ എത്രത്തോളം സ്വാധീനിക്കുമെന്നത് കാത്തിരുന്നു കാണണം.
English Summary: Language Card Again in Tamil Nadu Assembly Election