കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: വടക്കൻ ജില്ലകളിൽ പഴം, പച്ചക്കറി വില കൂടിയേക്കും
Mail This Article
കണ്ണൂർ ∙ കർണാടക ചെക്ക് പോസ്റ്റുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പഴം, പച്ചക്കറി വിലവർധനയ്ക്ക് വഴിയൊരുക്കുമെന്ന് ആശങ്ക. കോവിഡ് ഇല്ലെന്ന ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽനിന്നു പച്ചക്കറിയും പഴവർഗങ്ങളും കൊണ്ടുവരാൻ പോയ ലോറികൾ കർണാടക ചെക്ക് പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
നിബന്ധന കർശനമാക്കിയത് അറിയാതെയാണു പലരും ചരക്ക് എടുക്കാൻ പോയത്. മറ്റു സംസ്ഥാനങ്ങളിൽനിന്നു ചരക്കുമായി വന്നവരും ചെക്ക് പോസ്റ്റിൽ കുടുങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ പച്ചക്കറി, പലചരക്ക് വാഹനങ്ങൾക്കു കർണാടക സർക്കാർ ഇളവ് അനുവദിച്ചിരുന്നു. അത്യാവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾക്കു തടസ്സമുണ്ടാവില്ലെന്നാണു ലോറി ഉടമകളും ഡ്രൈവർമാരും കരുതിയിരുന്നത്.
എന്നാൽ കർണാടക നിബന്ധന കർശനമാക്കിയതോടെ ചരക്ക് എടുക്കുവാൻ പോയവർ കുടുങ്ങുകയായിരുന്നു. മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നൂറിലേറെ വാഹനങ്ങളാണു കുടുങ്ങിക്കിടക്കുന്നത്. ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി പലരും എത്തിയിട്ടുണ്ടെങ്കിലും കർണാടക അധികൃതർ സ്വീകരിക്കുന്നില്ല. ആർടിപിസിആർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങി ചരക്ക് എടുക്കാൻ പോകാൻ ലോറി ജീവനക്കാരും മടിക്കുന്നു.
ഓരോ ട്രിപ്പിനും പുതിയ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ബുദ്ധിമുട്ടിക്കുന്നു. സ്ഥിരമായി ചരക്ക് എടുക്കാൻ പോയിരുന്നവരിൽ പലരും ട്രിപ്പ് വേണ്ടെന്നു വച്ചിരിക്കുകയാണ്. കേരളത്തിൽ കോവിഡ് ശമനമില്ലാതെ വ്യാപിക്കുകയാണെന്ന പ്രചാരണമാണ് ചരക്കു വാഹനങ്ങൾക്ക് നിബന്ധന കർശനമാക്കുന്നതിനു കാരണമായതെന്ന് പച്ചക്കറി– പഴം മൊത്ത വ്യാപാരികൾ പറയുന്നു. കർണാടകയിൽ കൃത്യമായ പരിശോധനയോ നിരീക്ഷണമോ ഇല്ലാത്തതിനാൽ യഥാർഥ കണക്കുകൾ ലഭ്യമല്ല.
കേരളത്തിൽ കോവിഡിനു ശമനമില്ലെന്നു ദേശീയ മാധ്യമങ്ങളിലടക്കം വാർത്ത വന്നിരുന്നു. കർണാടക അടക്കമുള്ള അയൽ സംസ്ഥാനങ്ങൾ കേരളത്തിലെ വാഹനങ്ങൾക്കെതിരെ നിബന്ധന കടുപ്പിക്കാൻ ഇതും കാരണമായി. മൈസൂർ, കുടക്, ഊട്ടി എന്നിവിടങ്ങളിൽനിന്നാണു മലബാർ മേഖലയിലേക്കു പഴങ്ങളും പച്ചക്കറികളും എത്തുന്നത്. കോവിഡിനെ തുടർന്നു നാട്ടിലും പച്ചക്കറി കൃഷി വ്യാപകമായിട്ടുണ്ടെങ്കിലും ആവശ്യത്തിനു തികയുന്നില്ല.
അയൽ സംസ്ഥാനങ്ങളിൽനിന്നു വ്യാപകമായി ചരക്ക് എത്തുന്നതുകൊണ്ടാണ് വില നിയന്ത്രിച്ചു നിർത്താനാവുന്നത്. അതേസമയം, മംഗലാപുരം തലപ്പാടിയിൽ കേരള യാത്രക്കാർക്കായി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ദക്ഷിണ കന്നഡ ജില്ലാഭരണകൂടം ഇളവുവരുത്തി. ഇവിടെ കർണാടക സർക്കാർ ഏർപ്പെടുത്തിയ പരിശോധനയിൽ 900 പേരുടെ ഫലം വന്നപ്പോൾ ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല. ഇതോടെയാണു നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ തീരുമാനിച്ചത്.
English Summary: Fruits and Vegetables may costlier due to strict covid regulations by Karnataka