ലൈംഗികശേഷി വർധിക്കുമെന്ന് പ്രചാരണം: ആന്ധ്രയില്‍ ഇറച്ചിക്കായി കഴുതകളെ കൊന്നൊടുക്കുന്നു
Mail This Article
ഹൈദരാബാദ്∙ ആന്ധ്രാപ്രദേശിൽ കഴുതകളെ കശാപ്പ് ചെയ്ത് മാസം വിൽപനയ്ക്കെത്തിക്കുന്നത് വ്യാപകമാകുന്നു. 2001 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്ത് കഴുതകളുടെ കശാപ്പും മാംസ വിൽപനയും നിയമവിരുദ്ധമാണ്. കഴുതയുടെ പാൽ വ്യാപകമായി ഉപയോഗിക്കാറുണ്ടെങ്കിലും സാധാരണയായി കഴുത മാംസം ഭക്ഷ്യയോഗ്യമായി കണക്കാക്കാറില്ല.
സംസ്ഥാനത്ത് കഴുതകളുടെ കശാപ്പിനും മാംസ വിപണത്തിനുമായി നിരവധി ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും നിരവധി കുപ്രചാരണങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചാണ് കഴുത മാംസം വൻതോതിൽ വിറ്റഴിക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാന്‍ കഴുത ഇറച്ചി ഉത്തമമാണെന്നു പ്രചാരണം ശക്തമായതോടെ കഴുത ഇറച്ചിക്കു ആവശ്യക്കാർ വൻതോതിൽ വർധിച്ചു. കഴുത ഇറച്ചി കഴിച്ചാൽ ലൈംഗിക ശേഷി വർധിക്കുമെന്നും കഴുതയുടെ രക്തം കായികമായ ഉണർവു നൽകുമെന്ന പ്രചാരണം പ്രദേശവാസികൾക്കിടയിൽ ശക്തമാണ്. ഇതോടെയാണ് കഴുത ഇറച്ചിയ്ക്കു വൻതോതിൽ മാർക്കറ്റ് വർധിച്ചത്. കിലോയ്ക്ക് 600 രൂപ മുതലാണ് ഈടാക്കുന്നത്. കശാപ്പിനായി കൊണ്ടുവരുന്ന പ്രായപൂര്‍ത്തിയായ കഴുതയ്ക്ക് 15,000 മുതല്‍ 20,000 രൂപ വരെ നൽകണം.
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് ഇറച്ചിക്കായി കഴുതകളെ കശാപ്പ് ചെയ്യുന്നത് ക്രമാതീതമായി വർധിക്കുന്നത്. ആന്ധ്രാപ്രദേശിനു പുറമെ രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന് കശാപ്പിനായി ഇവിടേക്ക് കഴുതകളെ എത്തിക്കുന്നുണ്ട്.
സമീപകാലത്താണ് ആന്ധ്രാപ്രദേശിൽ കഴുതകളുടെ കശാപ്പ് വ്യാപകമായതെന്നും കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. കഴുതകളുടെ കശാപ്പും മാംസ വിൽപനയും നിയമവിരുദ്ധവും കുറ്റകരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. നിരവധി മൃഗസംരക്ഷണ പ്രവർത്തകരാണ് സംസ്ഥാനത്തെ കഴുതകളുടെ അനധികൃത കശാപ്പിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുന്നത്.
English Summary: Donkey meat in high demand in Andhra over healing, sex drive enhancing claims