മില്ലുകളിലെ കള്ളക്കണക്ക്; ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളക്കയറ്റം, തൊഴിലാളികൾക്ക് ഒന്നുമില്ല
Mail This Article
കേരളത്തിലെ ടെക്സ്റ്റൈൽ മില്ലുകൾ ഇപ്പോൾ ലാഭങ്ങളുടെ കഥയാണു പറയുന്നത്. കേൾക്കാൻ ഇമ്പമാർന്ന കണക്കാണത്. എന്നാൽ ഈ കണക്കുകൾ യഥാർഥത്തിലുള്ളതല്ലെന്ന് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾതന്നെ തുറന്നുപറയുന്നു. ഉന്നതോദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളവർധനവ് നേടിയെടുക്കാനുള്ള തന്ത്രം മാത്രമാണ് ഈ കണക്കിലെ ലാഭം എന്നും അവർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനാണെങ്കിൽ മുഖംമിനുക്കാൻ ഈ ലാഭക്കണക്കുകൾ സൗകര്യപ്രദമാവുകയും ചെയ്യുന്നു.
അങ്ങനെ ചരിത്രത്തിലില്ലാത്ത (യഥാർഥത്തിൽ രേഖയിലുമില്ലാത്ത) ലാഭക്കഥകളുമായി നമ്മുടെ ടെക്സ്റ്റൈൽ മില്ലുകൾ മുന്നേറുമ്പോൾ മില്ലുകൾ പ്രവർത്തിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന സാധാരണ തൊഴിലാളികൾക്ക് അർഹമായ വേതനവർധനവിന് ഇനിയും സർക്കാർ കനിഞ്ഞിട്ടില്ല. നിയമനവിവാദം കൊഴുക്കുന്ന കേരളത്തിൽ, കള്ളക്കണക്കെഴുതുന്ന ഈ അക്കൗണ്ട്സ് ഓഫിസർമാരും സ്ഥിരനിയമന പട്ടികയിലാണെന്നും ആരോപണമുണ്ട്.
ലാഭത്തിന്റെ കണക്കിൽനിന്നൊരു ഉദാഹരണമെടുത്ത് ഇതു വ്യക്തമാക്കാം: കോഴിക്കോട് തിരുവണ്ണൂരിലെ മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ നവംബറിൽ 7 ലക്ഷം രൂപ ലാഭം നേടിയതായാണ് മിൽ മാനേജ്മെന്റിന്റെ വാദം. രണ്ടു രീതിയിലാണ് ഈ കണക്കിലെ കളി. ഒന്ന്, മുൻമാസങ്ങളിൽ വാങ്ങിവച്ച പരുത്തി ഉപയോഗിച്ച് നൂൽ നിർമിച്ചാൽ തനതുമാസം പരുത്തി വാങ്ങിയ ചെലവു കാണിക്കേണ്ടിവരില്ല. അപ്പോൾ നഷ്ടം ഇല്ലാതാകും.
മറ്റൊന്ന്, വൈദ്യുതിയിനത്തിലും തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ കുടിശിക ഇനങ്ങളിൽ വൻബാധ്യതയെക്കുറിച്ചു മിണ്ടാതിരുന്നും ഈ കണക്കുകൾ അവതരിപ്പിക്കാം. ഇവിടെ ഈ രണ്ടു രീതിയിലും അവതരിപ്പിച്ച കണക്കുകൾ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. 7 ലക്ഷം രൂപ ലാഭം കാണിച്ച മാസം തിരുവണ്ണൂർ മില്ലിന്റെ യഥാർഥ സാമ്പത്തിക ബാധ്യത കേട്ടോളൂ; കെഎസ്ഇബിക്ക് കൊടുക്കാനുള്ളത്– 8.45 കോടി രൂപ, പിഎഫ് കുടിശ്ശിക– 2 കോടി രൂപ, ഇഎസ്ഐ കുടിശ്ശിക–30 ലക്ഷം രൂപ.
ഇനി ലാഭംകൊണ്ടു നേട്ടമുണ്ടാക്കിയവരെക്കുറിച്ച് കേൾക്കൂ; ഈ മില്ലുകളിലെ ജൂനിയർ മാനേജർ അസി. മാനേജർമാരായി മാറിക്കഴിഞ്ഞു. അസി. മാനേജർമാർ ഡപ്യൂട്ടി മാനേജർമാരായും ഡപ്യൂട്ടി മാനേജർമാർ ജനറൽ മാനേജർമാരുമായി മാറിക്കഴിഞ്ഞതാണ് ഈ കണക്കുകൊണ്ടുണ്ടായ നേട്ടം. അതുവഴി കോടിക്കണക്കിനു രൂപ സർക്കാരിൽനിന്ന് ഉന്നതോദ്യോഗസ്ഥരുടെ പോക്കറ്റുകളിലെത്തുകയും ചെയ്യും. എന്നും നഷ്ടം മാത്രം സഹിക്കാൻ വിധിക്കപ്പെട്ട തൊഴിലാളികളുടെ കഥ കൂടി പറഞ്ഞാലേ ഇതു പൂർത്തിയാകൂ:
സർക്കാർ ജീവനക്കാർക്ക് 5 വർഷം തോറും വേതനം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ കഴിഞ്ഞ 10 വർഷമായി വേതനപരിഷ്കാരത്തിന് അർഹതയില്ലാതെ കഴിയുന്ന വിഭാഗമാണ് ടെക്സ്റ്റൈൽ മില്ലുകളിലെ തൊഴിലാളികൾ. ഇവരുടെ വേതനം വർധിപ്പിക്കാൻ അധ്വാനഭാരം വർധിപ്പിക്കണമെന്ന പ്രത്യേക നിബന്ധന പണ്ടേ എഴുതിവച്ച് ദ്രോഹിക്കുകയാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇതെഴുതിച്ചേർത്ത ഉന്നതദ്യോഗസ്ഥർക്ക് അധ്വാനഭാരം വർധിപ്പിക്കാതെ ശമ്പളവർധനവും ഉറപ്പുവരുത്തി. തൊഴിലാളി സർക്കാരെന്നു പറയുന്നവർ തൊഴിലാളികളുടെ ആവശ്യങ്ങൾക്കുനേരേ കണ്ണടക്കുന്നത് ഭൂഷണമാണോ എന്നും അവർ ചോദ്യമുയർത്തുന്നു. കേരളത്തിലെ ടെക്സ്റ്റൈൽ മില്ലുകൾ, ഉദ്യോഗസ്ഥ പ്രഭുക്കളെ തീറ്റിപ്പോറ്റാനുള്ള സങ്കേതങ്ങളാണോ എന്നാണ് കേരളാ സ്റ്റേറ്റ് ടെക്സ്റ്റൈൽ വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) ജനറൽ സെക്രട്ടറി കെ. ഉദയകുമാറിന്റെ ചോദ്യം.
English Summary: How Kerala's Govt. owned Textile Mills Manipulated it's Income