സർക്കാരിനെ വിമര്ശിച്ച യൂണിയൻ നേതാവിനെ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റി
Mail This Article
കോഴിക്കോട്∙ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ 180 തസ്തികകൾ മന്ത്രിസഭയിൽ വയ്ക്കാതെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് വാട്സാപ് സന്ദേശമയച്ച് വിവാദത്തിലായ യൂണിയൻ നേതാവിന് സ്ഥാപനം വക ‘സമ്മാനം’. സ്വന്തം നാട്ടിലേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റമാണ് കെഎച്ച്ആർഡബ്ല്യുഎസ് നേതാവിന് നൽകിയത്. മുഖ്യമന്ത്രിയെ ഉൾപ്പെടെ നാണംകെടുത്തിയതിന് നേതാവിനോട് വിശദീകരണം ചോദിച്ച് ഒന്നു ‘പേടിപ്പിച്ചെങ്കിലും’ ഇഷ്ടമുള്ള മാറ്റവും സ്ഥാനക്കയറ്റവുമാണ് നൽകിയത്.
ക്ളീനർ തസ്തികയിൽ കൊല്ലം എസിആർ ലാബിൽ ജോലി ചെയ്യുന്ന ബ്രിജി കുഞ്ഞുമോനാണ് വിവാദനായകൻ. കെഎച്ച്ആർഡബ്ല്യുഎസിലെ സ്ഥിരപ്പെടുത്തൽ തൽക്കാലം മാറ്റിവയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും അങ്ങനെയല്ല മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നതെന്നും ഗവേർണിങ് ബോഡിയിൽ വച്ച്, ആരോഗ്യമന്ത്രിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ് മുഖ്യമന്ത്രി ഫയലിൽ കുറിച്ചിരിക്കുന്നതെന്നും ബ്രിജി കുഞ്ഞുമോൻ സഹപ്രവർത്തകർക്ക് വാട്സാപ് സന്ദേശം അയച്ചു. ഇത് വിവാദമായതോടെ കൂടുതൽ വിശദീകരണങ്ങൾ സംസ്ഥാന േനതൃത്വം നൽകുമെന്നു പറഞ്ഞ് തലയൂരാനായി ശ്രമം.
സന്ദേശം വാർത്തയായതോടെയാണ് ബ്രിജിക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. എന്നാൽ എല്ലാവരും ശിക്ഷാനടപടി പ്രതീക്ഷിച്ചിരുന്നപ്പോൾ, ഉണ്ടായത് ബ്രിജിക്ക് അനുകൂലമായ തീരുമാനവും.
വർക്കിങ് അറേഞ്ച്മെന്റിൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പേവാർഡ് അസിസ്റ്റന്റ് ആയിട്ടാണ് സ്ഥാനക്കയറ്റത്തോടെ മാറ്റം നൽകിയത്. അപേക്ഷ വാങ്ങി മുൻ തീയതിവച്ച് ഉത്തരവ് ഇറക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.
English Summary: KHRWS leader transferred with promotion