ടി.വി.രാജേഷും റിയാസും രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ
Mail This Article
കോഴിക്കോട്∙ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, ടി.വി.രാജേഷ് എംഎൽഎ എന്നിവരെ കോഴിക്കോട് സിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 2010 ൽ നടന്ന കോഴിക്കോട് എയർ ഇന്ത്യ ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. വിമാന നിരക്ക് വർധിപ്പിക്കുകയും വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തതിനെതിരെ ഡിവൈഎഫ്ഐ അന്നു നടത്തിയ സമരം അക്രമാസക്തമായിരുന്നു.
മാർച്ച് ഉദ്ഘാടനം ചെയ്ത അന്നത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്, മാർച്ചിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികളായ മുഹമ്മദ് റിയാസ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. കേസിൽ പ്രതികൾ ജാമ്യമെടുത്തിരുന്നെങ്കിലും തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനാൽ കഴിഞ്ഞ ദിവസം ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിചാരണക്കോടതിയിൽ ഹാജരായി ജാമ്യമെടുക്കാന്‍ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ വിചാരണക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
English Summary: TV Rajesh, PA Mohammed Riyas and KK Dinesh remanded