മുഖ്യമന്ത്രി സ്ഥാനാർഥി വിജയകാന്ത് എന്ന് ഡിഎംഡികെ: എൻഡിഎ സഖ്യം വിടുന്നു?
Mail This Article
ചെന്നൈ∙ തമിഴ്നാട്ടില്‍ സീറ്റ് വിഭജനത്തെ ചൊല്ലി അണ്ണാഡിഎംകെ നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ പ്രതിസന്ധി തുടരുന്നു. നടന്‍ വിജയ്കാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ മുന്നണി വിടുമെന്ന് ഏതാണ്ട് ഉറപ്പായി. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഇന്നു വീണ്ടും അണ്ണാഡിഎംകെ – ബിജെപി ചര്‍ച്ച നടക്കും.
രോഗബാധിതനായ ക്യാപ്റ്റന്‍ വിജയകാന്ത് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്കു കടന്നതോടെ ഡിഎംഡികെയുടെ ഭാവി ചോദ്യചിഹ്നമാകുകയാണ്. 23 സീറ്റുകള്‍ ആവശ്യപ്പെട്ട പാര്‍ട്ടിക്കു 12ല്‍ കൂടുതല്‍ ഒന്നും നല്‍കാനാവില്ലെന്ന് അണ്ണാഡിഎംകെ നേതൃത്വം തറപ്പിച്ചു പറഞ്ഞു. പാര്‍ട്ടി കോര്‍ഡിനേറ്റര്‍ ഒ. പനീര്‍ശെല്‍വത്തെ കാണാന്‍ ഡിഎംഡികെ ഡെപ്യൂട്ടി സെക്രട്ടറിയും വിജയകാന്തിന്റെ ഭാര്യാ സഹോദരനുമായ എല്‍.കെ. സുധീഷ് ശ്രമിച്ചെങ്കിലും നടന്നില്ല. ആരുടെയും മുന്നില്‍ മുട്ടുമടക്കില്ലെന്നു വിജയകാന്തിന്റെ മകന്‍ വിജയപ്രഭാകര്‍ തീര്‍ത്തുപറഞ്ഞതോടെ പുറത്തേക്കാണെന്ന പ്രതീതി ശക്തമായി. അനുകൂല നിലപാടിന് ഒരു പകല്‍ കൂടി കാത്തിരിക്കാനാണ് ഡിഎംഡികെ തീരുമാനം.
വിജയകാന്താണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് സുധീഷ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞതോടെ ഒറ്റയ്ക്കു മൽസരിക്കാനുള്ള സാധ്യതയേറിയെന്നാണ് വിലയിരുത്തൽ. രണ്ടു റൗണ്ട് ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ബിജെപിക്കും പിഎംകെയ്ക്കും അണ്ണാഡിഎംകെ കൂടുതൽ സീറ്റ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും തങ്ങളോട് ആ നിലപാട് കാണിക്കുന്നില്ലെന്നുമാണ് ഇവരുടെ പരാതി.
സീറ്റുകളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബിജെപി അധ്യക്ഷനെ അണ്ണാഡിഎംകെ വിളിപ്പിച്ചിരുന്നു. 22 സീറ്റും ഉപതരിഞ്ഞെടുപ്പു നടക്കുന്ന കന്യാകുമാരി ലോക്സഭാ സീറ്റുമെന്നതില്‍ ഒത്തുതീര്‍പ്പിലെത്തുമെന്നാണു പുറത്തുവരുന്നത്. ഡിഎംകെ–കോണ്‍ഗ്രസ് സീറ്റ് വിഭജനം ബുധനാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
English Summary: Will Vijayakanth's DMDK Go it Alone in TN? Unhappy With Seat-sharing Talks, NDA Ally's Cryptic Message