കോവിഡ് വാക്സീൻ റജിസ്ട്രേഷൻ രീതി– വിഡിയോ
Mail This Article
60 വയസ്സിനു മുകളിലുള്ളവർക്കും 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷന്‍ ലഭിക്കാൻ കോവിൻ (https://www.cowin.gov.in, https://selfregistration.cowin.gov.in/register) പോർട്ടൽ വഴിയും ആരോഗ്യസേതു ആപ് വഴിയും റജിസ്റ്റർ ചെയ്യാം. പോർട്ടലോ ആപ്പോ വഴിയല്ലാതെ, നേരിട്ട് വാക്സീൻ വിതരണ കേന്ദ്രത്തിലെത്തി പേര് റജിസ്റ്റർ ചെയ്യാനും പിന്നീടു സൗകര്യമൊരുക്കും.
റജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
റജിസ്ട്രേഷൻ സമയത്ത് ഫോട്ടോ തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം. ഒടിപി (വൺ ടൈം പാസ്‌വേഡ്) പരിശോധനയുമുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയും ഒഴിവുള്ള സമയവും കാണാം. ലഭ്യമായ സമയം നോക്കി സൗകര്യപ്രദമായ ഏതു കേന്ദ്രത്തിലും ബുക്ക് ചെയ്യാം. റജിസ്റ്റർ ചെയ്തവർക്കായി അക്കൗണ്ട് ഉണ്ടാകും. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ചു 4 പേരെ റജിസ്റ്റർ ചെയ്യാം. ഓരോരുത്തരുടെയും ഐഡി കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം. കുത്തിവയ്പ് എടുക്കുന്നതു വരെ റജിസ്ട്രേഷൻ, അപ്പോയിന്റ്മെന്റ് കാര്യങ്ങളിൽ തിരുത്തൽ വരുത്താനും സൗകര്യമുണ്ട്. റജിസ്ട്രേഷൻ പൂർത്തിയായാൽ ഡൗൺലോഡ് ചെയ്യാവുന്ന ടോക്കൺ ലഭിക്കും. മൊബൈലിൽ എസ്എംഎസും ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും.
45– 59 പ്രായക്കാർ രോഗം സ്ഥിരീകരിക്കണം
45–59 വയസ്സുകാർ തങ്ങൾക്കു രോഗമുണ്ടെന്നു സ്ഥിരീകരിക്കണം. ഹൃദ്രോഗം, അർബുദം, വൃക്ക– കരൾ രോഗങ്ങൾ, പ്രമേഹം, പക്ഷാഘാതം, അരിവാൾ രോഗം, തലാസിമിയ തുടങ്ങിയവയുള്ളവരെയാണു പരിഗണിക്കുന്നത്.
വാക്സീൻ റജിസ്ട്രേഷൻ സഹായ ഗൈഡ്
English Summary: How To Register For Covid Vaccine Through CoWin - Your Step-By-Step Guide