ADVERTISEMENT

തിരുവനന്തപുരം ∙ കിഫ്ബിക്കെതിരെ അന്വേഷണവും ചോദ്യം ചെയ്യലുമായി കളത്തിലിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ പൂട്ടാൻ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു കാട്ടി ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസിനെക്കൊണ്ട് കേസെടുപ്പിക്കുന്നതടക്കമുള്ള നിയമനടപടികളാണു സർക്കാർ ആലോചിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് നൽകിയ നിർദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിക്കും പരാതി കൈമാറി. മുഖ്യമന്ത്രി സമ്മതം നൽകിയാൽ കേന്ദ്ര ഏജൻസിയും സംസ്ഥാന സേനയും തമ്മിലെ ഏറ്റുമുട്ടലിലേക്കു വിഷയം വഴിമാറും. വോട്ടെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പിലെ സജീവ ചർച്ചാവിഷയം കൂടിയായി ഇൗ ഏറ്റുമുട്ടൽ മാറും. 

ധനവകുപ്പിൽ നിന്നു കിഫ്ബിയിലേയ്ക്കു പോയി ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അഡിഷനൽ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഇഡി ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. മസാല ബോണ്ടിറക്കുന്നതിനു മുൻപ് ഫണ്ട് മാനേജ്മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനിൽ പോയ സംഘത്തിൽ ഇവരുമുണ്ടായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസർക്കു മുഖ്യമന്ത്രി ഇന്നലെ നൽകിയ പരാതിയിൽ ഇവരെ ചോദ്യം ചെയ്ത കാര്യം പരാമർശിച്ചിരുന്നെങ്കിലും കൂടുതൽ വിശദാശംങ്ങളിലേക്കു കടന്നിരുന്നില്ല. ഇഡിയുടെ ചോദ്യം ചെയ്യലിനു ഹാജരായ ശേഷം ഉദ്യോഗസ്ഥ കിഫ്ബിക്കു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി എഴുതി വാങ്ങി ക്രിമിനൽ കേസ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തീരുമാനമെടുക്കും മുൻപ് വാക്കാൽ നിയമോപദേശവും തേടും. 

ഇഡിയുമായി ഏറ്റുമുട്ടലിലേക്കു സർക്കാർ നീങ്ങുന്ന സാഹചര്യത്തിൽ ഇൗയാഴ്ച നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിനു ഹാജരാകേണ്ടെന്നു കിഫ്ബി ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽ‌കിയിട്ടുണ്ട്. 2 വർഷം മുൻപ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി എടുത്ത 2150 കോടിയുടെ വായ്പയുടെ പേരിൽ ഇപ്പോൾ കേസെടുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നീക്കമെന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കടുത്ത നടപടികളിലേയ്ക്കു കടന്ന് ബിജെപിക്കു രാഷ്ട്രീയ മൈലേജ് സൃഷ്ടിക്കാനുള്ള നീക്കവും സർക്കാർ മുൻകൂട്ടി കാണുന്നുണ്ട്.

English Summary : Kerala Government against ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com