ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വെളിപ്പെടുത്തലുകളുള്ള കസ്റ്റംസിന്‍റെ സത്യവാങ്മൂലം സര്‍ക്കാരിന് വന്‍പ്രതിസന്ധി സൃഷ്ടിക്കുന്നു. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടാനാകും സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുക. അതേസമയം, ജയില്‍വകുപ്പിനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെയാണ് കസ്റ്റംസിന്‍റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കം വന്നിരിക്കുന്നത്. മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്ന് മന്ത്രിമാര്‍ എന്നിവര്‍ക്ക് ഡോളര്‍ കടത്തു കേസില്‍ പങ്കുണ്ടെന്നും സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി ഇക്കാര്യം വ്യക്തമാക്കുന്നുവെന്നുമാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണി ഉണ്ടെന്നും കസ്റ്റംസ് പറയുന്നു. രാഷ്ട്രീയമായി ഇതിനു മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്.

ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന ആരോപണത്തിനെതിരെ അതിശക്തമായി തിരിച്ചടിക്കുക എന്നതാവും സിപിഎമ്മിന്റെയും ഇടത് മുന്നണിയുടെയും നീക്കം. അന്വേഷണ ഏജന്‍സികളെ ആയുധമായി ഉപയോഗിച്ച് ബിജെപിയും കേന്ദ്ര സര്‍ക്കാരും വേട്ടയാടാന്‍ ശ്രമിക്കുന്നു, ഉന്നതരെ താറടിക്കുന്നു, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വികസന പദ്ധതികളെയും അട്ടിമറിക്കുന്നു എന്നീ വാദങ്ങളാകും മുന്നോട്ട് വയ്ക്കുക. അതോടൊപ്പം നിയമപരമായി ഇതിനെ നേരിടനെന്തെങ്കിലും വഴിയുണ്ടോ എന്നും സര്‍ക്കാര്‍ ആലോചിക്കും.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നീങ്ങുമ്പോള്‍ പഴുതടച്ച നടപടികള്‍ വേണമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. പ്രതിപക്ഷത്തിന്‍റെ കൈയ്യിലെ മൂര്‍ച്ചയുള്ള ആയുധമായി കസ്റ്റംസിന്‍റെ സത്യവാങ്മൂലം മാറിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തിന്‍റെ വാദങ്ങളെയും താറടിച്ചുകാണിക്കുകയാവും മറുമരുന്ന്. അതോടൊപ്പം സ്വപ്നയുടെ ജയിലെ സുരക്ഷിതതത്വം സംബന്ധിച്ച ആശങ്കകള്‍ക്ക് ജയില്‍ വകുപ്പിനെക്കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് ശക്തമായ മറുപടികൊടുക്കുന്നതും പരിഗണിക്കും.

English Summary: Affidavit in Dollar Smuggling case is a crisis for LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com