ADVERTISEMENT

മുംബൈ∙ ജൽഗാവ് ജില്ലയിലെ വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളെ പൊലീസുകാർ വിവസ്ത്രരായി നൃത്തം ചെയ്യിച്ചു എന്ന ആരോപണത്തിൽ വാസ്തവമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഹോസ്റ്റൽ സന്ദർശിച്ചതായി ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് നിയമസഭയിൽ പറഞ്ഞു.

17 താമസക്കാരാണ് ഹോസ്റ്റലിൽ ഉള്ളത്. 41 സാക്ഷികളെ ചോദ്യം ചെയ്തു. ആരോപണങ്ങളിൽ സത്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ആരോപിച്ചതു പോലെ പുരുഷ പൊലീസ് ഉദ്യോഗസ്ഥരാരും അവിടെ പ്രവേശിച്ചിട്ടില്ല. വനിതാ ഹോസ്റ്റൽ ആയതിനാൽ പുരുഷ പൊലീസുകാർക്ക് പ്രവേശനാനുമതിയുമില്ല- മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസം 20ന് ഹോസ്റ്റലിൽ താമസക്കാർക്കായി ഒരു വിനോദ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പുരുഷൻമാരായ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. നൃത്തത്തിനിടയിൽ നീണ്ട പാവാട കാലിൽ തടയുന്നതിനാൽ ഒരു സ്ത്രീ അതു മാറ്റുകയാണ് ഉണ്ടായത്. പരാതി നൽകിയ യുവതി മനോദൗർബല്യമുള്ളയാളാണെന്ന് ദേശ്മുഖ് പറഞ്ഞു. അവരുടെ മാനസികാവസ്ഥയെക്കുറിച്ച് ഭർത്താവും മറ്റ് കുടുംബാംഗങ്ങളും പരാതിപ്പെട്ടിട്ടുണ്ട്-ദേശ്മുഖ് വ്യക്തമാക്കി.

പ്രാദേശിക അധികാരികളുമായി സംസാരിച്ചപ്പോൾ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് മനസ്സിലാക്കാനായതെന്ന് ജൽഗാവ് രക്ഷാകർതൃ മന്ത്രി ഗുലാബ് റാവു പാട്ടീൽ പറഞ്ഞു. തെറ്റായ ആരോപണങ്ങളെത്തുടർന്ന് ജില്ലയുടെ പേര് കളങ്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അന്തസ്സുള്ള റസിഡൻഷ്യൽ കോളനിയിലാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നതെന്ന് വനിതാ, ശിശു ക്ഷേമ മന്ത്രി യശോമതി ഠാക്കൂർ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ കാരണം നിരാലംബരായ സ്ത്രീകൾ പിന്നീട് പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു - ഠാക്കൂർ ചൂണ്ടിക്കാട്ടി. 

തെറ്റായ ആരോപണങ്ങൾ കാരണം സംസ്ഥാനത്തിന്റെ പ്രതിച്ഛായ മോശമായിരിക്കുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പഠോളെ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് നിജസ്ഥിതി തിരക്കണമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.

അന്വേഷണത്തിന്റെ പേരിൽ ഹോസ്റ്റലിൽ പ്രവേശിച്ച പൊലീസുകാരും പുറത്തുനിന്നുള്ള ചിലരും പെൺകുട്ടികളെ വിവസ്ത്രരായി നൃത്തം ചെയ്യിച്ചെന്നായിരുന്നു ആരോപണം. ബുധനാഴ്ച പ്രതിപക്ഷാംഗങ്ങളാണ് വിഷയം സഭയിൽ ഉന്നയിച്ചത്. തുടർന്നു സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നാലംഗ ഉന്നത തല സമിതി രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.

English Summary: Home Minister Anil Deshmukh says allegations related to Jalgaon women's hostel false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com