ബംഗാളിൽ ധാരണയായി: ഇടത് 165 സീറ്റിൽ, കോൺഗ്രസ് 92 ഇടത്ത്; ഐഎസ്എഫിന് 37
Mail This Article
കൊൽക്കത്ത ∙ ബംഗാളിൽ ഇടതുമായി സീറ്റ് ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പ്രവർത്തക സമിതി. അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐഎസ്എഫ്) സഹകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ഇടത് – കോണ്‍ഗ്രസ് ധാരണ. ഇതനുസരിച്ച് ഇടതുപാർട്ടികൾ 165 സീറ്റിലും കോണ്‍ഗ്രസ് 92 സീറ്റിലും മല്‍സരിക്കും. ഐഎസ്എഫിന് 37 സീറ്റ് നല്‍കിയേക്കും.
ഐഎസ്എഫുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ എതിർത്ത മുതിർന്ന നേതാവ് ആനന്ദ് ശർമയ്ക്കു മറുപടിയുമായി ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയതോടെയാണ് വിവാദം ആളിക്കത്തിയത്. വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ കോൺഗ്രസ് നേതാക്കൾ സഹായിക്കരുതെന്നായിരുന്നു അധീറിന്റെ പ്രതികരണം.
ഹൈക്കമാൻഡിന്റെ അനുമതിയില്ലാതെയാണ് ഐഎസ്എഫുമായി കൈകോർത്തതെന്ന ശർമയുടെ ആരോപണം അധീർ തള്ളിയിരുന്നു. വർഗീയ ചിന്താഗതിയുള്ള ഇത്തരം പാർട്ടികളുമായി കൈകോർക്കുന്നതു കോൺഗ്രസിന്റെ മതേതര പ്രത്യയശാസ്ത്രത്തിന് എതിരാണെന്നായിരുന്നു ആനന്ദ് ശർമയുടെ വിമർശനം. സിദ്ദീഖിയുടെ പാർട്ടിക്കു മതേതര മുഖമാണെന്നായിരുന്നു സിപിഎം ബംഗാൾ ഘടകത്തിന്റെ പ്രതികരണം.
English Summary: Left to fight 165 West Bengal seats, Congress 92, ISF 37