നന്ദിഗ്രാം തൃണമൂലിന്റെ കുത്തക; ഇത്തവണയും അത് ആവർത്തിക്കുമോ?
Mail This Article
ബംഗാളിലെ മാത്രമല്ല രാജ്യത്താകെ ഇക്കുറി ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്ന നിയമസഭാ മണ്ഡലമായി മാറിയിരിക്കുകയാണ് നന്ദിഗ്രാം. മുഖ്യമന്ത്രി മമതാ ബാനര്‍ജി, നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിവിട്ട തന്റെ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരിയെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ തന്നെ നേരിടാന്‍ തീരുമാനിച്ചതോടെയാണ് നന്ദിഗ്രാം ചര്‍ച്ചയായിരിക്കുന്നത്. 2011 മുതൽ മത്സരിച്ച ഭവാനിപുര്‍ വിട്ട് നന്ദിഗ്രാമിൽനിന്ന് മത്സരിക്കാനുള്ള മമതയുടെ തീരുമാനം സുവേന്ദുവുമായുള്ള തുറന്ന യുദ്ധത്തിനും കളമൊരുക്കി. മമതയുമായി ഏറ്റുമുട്ടാൻ തയാറാണെന്നും സുവേന്ദുവും പ്രഖ്യാപിച്ചിരുന്നു.
2007ല്‍ലെ ഭൂമിയേറ്റെടുക്കൽ പ്രക്ഷോഭമാണ് നന്ദിഗ്രാമിനെ രാഷ്ട്രീയ ഭൂപടത്തിൽ അടയാളപ്പെടുത്തിയത്. ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന്റെ കെമിക്കല്‍ ഹബ് സ്ഥാപിക്കുന്നതിനായി 10,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെതിരെ പോരാടിയ മമത, 34 വർഷത്തെ ഇടതു ഭരണത്തിന് വിരാമമിട്ട് 2011ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറി. 2009 ലെ ഉപതിരഞ്ഞെടുപ്പ് മുതല്‍ നന്ദിഗ്രാം തൃണമൂൽ കോൺഗ്രസിന്റെ കുത്തകയാണ്. ഫിറോജ ബീബിയാണ് തൃണമൂലില്‍നിന്ന് ഉപതിരഞ്ഞെടുപ്പിലും 2011 നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ചത്. 2016 ല്‍ സുവേന്ദു അധികാരി മത്സരിച്ച് വിജയിച്ചു.
∙ 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നന്ദിഗ്രാമിലെ വോട്ടുവിഹിതം
2011ലെ തിരഞ്ഞെടുപ്പിൽ 61.21% വോട്ടുകൾക്ക് തൃണമൂലിന്റെ ഫിറോജ ബീബി വിജയിച്ചു. സിപിഐ 35.35% വോട്ടുകൾ നേടിയപ്പോൾ ബിജെപിക്ക് 1.72% വോട്ടുകളെ ലഭിച്ചിച്ചുള്ളൂ. 2016ലെ തിരഞ്ഞെടുപ്പില്‍ 67.20% വോട്ടുകൾക്കാണ് സുവേന്ദു അധികാരി ജയിച്ചത്. സിപിഐ 26.70% വോട്ടുകൾ നേടിയപ്പോൾ ബിജെപി 5.40% വോട്ടുകൾ നേടി. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ 0.40% വോട്ടുകളും ഭാരതീയ നവശക്തി പാർട്ടി 0.40% വോട്ടുകളും നേടിയിരുന്നു.
Content Highlights: West Bengal Assembly Elections 2021, nandigram constituency