കൊടുത്താല്‍ കൊല്ലത്തും കിട്ടും: അന്ന് രമേശിനോട് കോടിയേരി; ഇന്ന് തിരിച്ചടി
Mail This Article
കൊച്ചി∙ യുണിടാക്കിന്റെ ഐ ഫോൺ വിവാദം സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ തിരിച്ചടിക്കുന്നു. രമേശ് ചെന്നിത്തലയ്ക്കു നല്‍കാനായി സ്വപ്ന സുരേഷ് തന്റെ പക്കല്‍നിന്ന് ഐഫോണുകള്‍ വാങ്ങിയെന്നു ലൈഫ് ഫ്ലാറ്റുകളുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിൽ കടുത്ത വിമർശനമാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കോണ്‍സുലേറ്റില്‍നിന്നു പാരിതോഷികമായി ഐ ഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്തു പറയാനുണ്ടെന്ന് കോടിയേരി ചോദിച്ചു. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും അദ്ദേഹം അന്ന് ഓർമിപ്പിച്ചു.
ഇക്കാര്യത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോയ ചെന്നിത്തല, മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് സന്തോഷ് ഈപ്പന് വക്കീൽ നോട്ടിസ് അയച്ചു. അല്ലാത്തപക്ഷം മാനനഷ്ടത്തിന് ഒരു കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്നു യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ മൊഴി നൽകി തടിയൂരി. കിട്ടാത്ത ഐ ഫോണിന്റെ പേരിൽ തന്നെ ക്രൂശിക്കാൻ ശ്രമിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനങ്ങളോട് മാപ്പു പറയണമെന്നു പ്രതിപക്ഷ നേതാവ് അന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ വിവാദമാണ് കോടിയേരി ബാലകൃഷ്ണനെ തിരിച്ചടിക്കുന്നത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഏറ്റവും വില കൂടിയത് ഉപയോഗിക്കുന്നത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. സ്വര്‍ണക്കടത്ത് വിവാദമാകും വരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തി. ഐഎംഇഐ നമ്പര്‍ വഴി കസ്റ്റംസ് സിംകാര്‍ഡും കണ്ടെത്തിയത്. കോണ്‍സല്‍ ജനറലിന് നല്‍കിയ ഫോണ്‍ വിനോദിനിക്ക് എങ്ങനെ ലഭിച്ചെന്നും അന്വേഷിക്കും.
English Summary: I Phone Issue - Kodiyeri Balakrishnan spoken against Ramesh Chennithala before, now time for setback