ആധാർ പോലെ കൂടുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കാൻ കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ആരോഗ്യ, കാർഷിക മേഖലയിൽ പൊതു ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിലവിലുള്ള ആധാർ (യുണീക്ക് ഐഡൻറ്റിഫിക്കേഷൻ കാർഡ്), ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഉപയോഗിക്കുന്ന യുപിഐ തുടങ്ങിയവയുടെ അതേരീതിയിലായിരിക്കും പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നാണു റിപ്പോർട്ട്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി എന്നിവയ്‌ക്കു പുറമെ, നൈപുണ്യവുമായി പൊരുത്തപ്പെടുന്ന ജോലികൾ കണ്ടെത്തുക തുടങ്ങിയ സേവനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പൊതു ഡിജിറ്റൽ ഇടങ്ങൾ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയ്ക്കു കൂടുതൽ കരുത്തും അവസരങ്ങളും നൽകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി അജയ് പ്രകാശ് സാവ്‌നി പറഞ്ഞു.
കേന്ദ്ര സർക്കാർ നിയോഗിക്കുന്ന വിദഗ്ധ സംഘമാകും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുക. അനുബന്ധ പ്രവർത്തനങ്ങൾക്ക് സ്വകാര്യ കമ്പനികളെ ആശ്രയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും അജയ് പ്രകാശ് സൂചിപ്പിച്ചു.
കോവിഡ് സമയത്ത് 15 യുവ ടെക്നോക്രാറ്റുകളുടെ സ്റ്റാർട്ട് അപ് കമ്പനിയാണ് ആരോഗ്യസേതു ആപ് വികസിപ്പിച്ചത്. വളരെ ഫലപ്രദമായിരുന്ന ആപ് വാക്സീൻ വിതരണത്തിനും ഉപയോഗിക്കും. കോവിഡ് സമയത്ത് സാങ്കേതിക മേഖലയിൽ ഇന്ത്യ ആർജിച്ച കരുത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: More Aadhaar-like digital platforms from govt soon