ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിക്കും ഇത് ബാധകമാണ്. 

പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നത്‌ മുൻപാണ് വാക്‌സിനേഷൻ ആരംഭിച്ചതെന്ന ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.

പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ഹിന്ദിയിലും ഇംഗ്ലിഷിലുമുള്ള സന്ദേശവും സര്‍ട്ടിഫിക്കറ്റിലുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും തൃണമൂല്‍ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയൻ പരാതിപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന്റെ കോ-വിന്‍ പ്ലാറ്റ്‌ഫോമില്‍ കൂടി പ്രധാനമന്ത്രി പ്രചാരണം നടത്തുന്നത് എത്രയും പെട്ടെന്ന് തടയണമെന്നും പരാതി ഉയർന്നിരുന്നു.

2017 യുപി ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വെബ്സൈറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കാൻ കമ്മിഷൻ നേരത്തെ നിർദേശിച്ചിരുന്നു.

English Summary :EC asks health ministry to remove Modi’s image from Covid certificates in poll-bound states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com