ADVERTISEMENT

മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭം രക്തരൂഷിതമായി തുടരുകയാണ്. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭം അടിച്ചമർത്താനുള്ള സേനയുടെ ശ്രമങ്ങളാണ് സ്ഥിതി കലുഷിതമാക്കുന്നത്. പ്രക്ഷോഭം ആരംഭിച്ചശേഷം ഇതുവരെ 55 പേരാണ് കൊല്ലപ്പെട്ടത്.

ഇതിനിടെ, മേലധികാരികളുടെ ജനാധിപത്യവിരുദ്ധ ഉത്തരവുകൾ അനുസരിക്കാൻ മടിച്ച് അതിർത്തി കടന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്തയച്ചിരിക്കുകയാണ് മ്യാൻമർ. രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ വിട്ടുതരണമെന്നാണ് ആവശ്യം. കുടുംബത്തോടൊപ്പമാണ് ചില പൊലീസ് ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക് കടന്നത്.

മ്യാൻമറിന്റെ ആവശ്യം

മിസോറമിലെ ചംഫായി ജില്ലയിലെ ഡപ്യൂട്ടി കമ്മിഷണർ മരിയ സിടി സുവാലിക്കാണ് മ്യാൻമറിലെ ഫാലം ജില്ലയിലെ ഇതേ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് കഴിഞ്ഞ ദിവസം ഒരു കത്ത് ലഭിക്കുന്നത്. മ്യാൻമറിലെ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കണം എന്നായിരുന്നു ആവശ്യം.

‘രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം നിലനിർത്തുന്നതിന്, ഇന്ത്യൻ പ്രദേശങ്ങളിൽ എത്തിയ എട്ട് മ്യാൻമർ പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്തശേഷം മ്യാൻമറിന് കൈമാറണം.’– കത്തിൽ പറയുന്നതിങ്ങനെ. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന് കാത്തിരിക്കുകയാണെന്ന് മരിയ സിടി സുവാലി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

Mandalay: People cry as they view the body of Kyal Sin, also known by her Chinese name Deng Jia Xi, a 20-year-old university student who was shot in the head while she attended an anti-coup protest rally in Mandalay, Myanmar, Wednesday, March 3, 2021. Myanmar security forces shot and killed multiple people Wednesday, according to accounts on social media and local news reports, as authorities extended their lethal crackdown on protests against last month's coup. AP/PTI(AP03_03_2021_000155A)
പട്ടാള അട്ടിമറിക്കെതിരായുള്ള സമരത്തിൽ പങ്കെടുത്തതിനു, മ്യാൻമർ സൈന്യം വെടിവച്ചു കൊന്ന ഇരുപതുകാരിയായ ക്യാൽ സിനിന്റെ മൃതശരീരത്തിനു സമീപം പൊട്ടിക്കരയുന്ന ബന്ധുക്കളും സുഹൃത്തുക്കളും. ചിത്രം:എപി.

റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, പൊലീസ് ഉദ്യോഗസ്ഥരുടേത് അടക്കം ഏകദേശം 30 കുടുംബങ്ങളാണ് മ്യാൻമറിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. സ്വന്തം രാജ്യത്തെ അരക്ഷിതാവസ്ഥയിൽനിന്നു രക്ഷതേടി ഇന്ത്യയിലേക്ക് കടക്കുന്നതിനായി അതിർത്തിയിൽ മ്യാൻമർ പൗരന്മാരുടെ തിരക്കാണെന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മ്യാൻമറിൽ സംഭവിക്കുന്നത്

ഫെബ്രുവരി ഒന്നിനാണു മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചത്. ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. സായുധസേനാ മേധാവിയായ മിൻ ഓങ് ലെയ്ങ് ഭരണം ഏറ്റെടുത്തു. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം.

MYANMAR-POLITICS-MILITARY
മ്യാൻമർ പട്ടാള അട്ടിമറിക്കെതിരെ സമരം ചെയ്യുന്ന യുവാവ് കണ്ണീർവാതകം പ്രയോഗിച്ച പൊലീസിനു നേരെ അഗ്നിശമന ഉപകരണം പ്രയോഗിക്കുന്നു. ചിത്രം: എഎഫ്പി.

പ്രക്ഷോഭകരെ കടുത്ത നടപടികളുമായാണ് പൊലീസും പട്ടാളവും നേരിടുന്നത്. കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും തുടരെ പ്രയോഗിച്ചിട്ടും പ്രക്ഷോഭകർ അടങ്ങുന്നില്ലെന്നു കണ്ട് നിഷ്കരുണം വെടിവയ്പ്പിലേക്ക് നീങ്ങിയിരിക്കുകയാണു സൈന്യം. 2010നു മുൻപുള്ള പട്ടാള അടിച്ചമർത്തലിന്റെ ഓർമകളുണർത്തി നഗരവീഥികൾ യുദ്ധക്കളമായി. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്നാണു ഔദ്യോഗിക കണക്ക്.

2003 ൽ സൂ ചിയുടെ അനുയായികളായ 70 പേർ വധിക്കപ്പെട്ട ശേഷം ഇത്രയധികം പേർ കൊല്ലപ്പെടുന്നത് ആദ്യമാണ്. മുന്നറിയിപ്പു പോലുമില്ലാതെ തൊട്ടടുത്തുനിന്നു വെടിവയ്ക്കുന്ന രീതിയാണ് പൊലീസിന്റെയും പട്ടാളത്തിന്റെയുമെന്നു പ്രക്ഷോഭകർ പറയുന്നു. പ്രക്ഷോഭം അടിച്ചമർത്തുന്നതിനെ ലോകം മുഴുവൻ അപലപിക്കുകയും അയൽരാജ്യങ്ങൾ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും മ്യാൻമർ സൈന്യം അതൊന്നു വകവച്ചിട്ടില്ല.

English Summary: Myanmar coup: India asked to return police officers who crossed border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com