ബാലന്റെ ഭാര്യ വേണ്ടെന്ന് ജില്ലാ നേതൃത്വം; ജമീലയ്ക്കു പകരം പി.പി.സുമോദ് മത്സരിക്കും
Mail This Article
പാലക്കാട് ∙ മന്ത്രി എ.കെ.ബാലന്റെ ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് സിപിഎം പാലക്കാട് ജില്ലാനേതൃത്വം. ഡോ. പി.കെ.ജമീലയെ ഒഴിവാക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റികളില്‍ ആവശ്യം ശക്തമായി. ജമീലയുടെ സ്ഥാനാര്‍ഥിത്വം മറ്റു മണ്ഡലങ്ങളിലെ ജയസാധ്യതയ്ക്കു മങ്ങലേല്‍പ്പിക്കുമെന്നാണു നിലപാട്. തരൂരിൽ ജമീലയ്ക്കു പകരം പി.പി.സുമോദിനെ മത്സരിപ്പിക്കണമെന്നു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാസെക്രട്ടറി സി.കെ.രാജേന്ദ്രന് ഉചിതമായ സീറ്റ് നല്‍കണമെന്നും ആവശ്യമുയര്‍ന്നു.
ഇതിനിടെ, കുറ്റ്യാടി കേരള കോണ്‍ഗ്രസിനുതന്നെ എന്നുറപ്പായി. പ്രാദേശിക എതിര്‍പ്പ് തള്ളി സിപിഎം കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കി. കൊയിലാണ്ടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല സ്ഥാനാര്‍ഥിയാകും. തിരുവമ്പാടിയില്‍ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫിനെ മത്സരിപ്പിക്കും. സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റ് യോഗത്തിലാണു പേരുകള്‍ തീരുമാനിച്ചത്.
എല്‍ഡിഎഫിലെ സീറ്റുവിഭജനത്തിൽ ചങ്ങനാശേരി സീറ്റ് കീറാമുട്ടിയായി തുടരുകയാണ്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഇടതുമുന്നണി ചര്‍ച്ച വഴിമുട്ടിയ അവസ്ഥയാണ്. ചങ്ങനാശേരി സീറ്റില്‍ സിപിഐ–സിപിഎം ചര്‍ച്ചയാണു നടക്കുന്നത്.
English Summary: CPM Palakkad district leadership opposed AK Balans wife's candidature