‘മണ്ഡലം കുടുംബ സ്വത്ത് ആക്കിയാൽ തിരിച്ചടിക്കും’; മന്ത്രി ബാലനെതിരെ പോസ്റ്റര്‍
Mail This Article
പാലക്കാട്∙ മന്ത്രി എ.കെ.ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് കമ്മ്യൂണിസത്തിന്‍റെ പേരിലാണ് പോസ്റ്ററുകള്‍. മണ്ഡലം കുടുംബ സ്വത്ത് ആക്കാൻ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്റ്ററില്‍ പറയുന്നു.
എ.കെ.ബാലന്റെ ഭാര്യ ഡോക്ടർ പി.കെ.ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കുന്നതാണ് സിപിഎം നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. 2001 മുതല്‍ എ.കെ.ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്‍റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നൽകുന്നത്. പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹിയായ പൊന്നുകുട്ടനെയോ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ കെ.ശാന്തകുമാരിയെയോ പരിഗണിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
തരൂരിനൊപ്പം മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയെചൊല്ലിയും പാലക്കാട് സിപിഎമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. ഷൊർണൂരിൽ പി.കെ.ശശിക്ക് പകരം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റി. പി. മമ്മിക്കുട്ടിയുടെ പേരാണ് ഇപ്പോഴുള്ളത്.
ഒറ്റപ്പാലത്ത് പി.ഉണ്ണിയുടെ രണ്ടാമത്തെ മത്സരം തടഞ്ഞ് ഡിവൈഎഫ്ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതാണ് മറ്റൊരു വിയോജിപ്പ്. കോങ്ങാട് ഡിവൈഎഫ്ഐ നേതാവ് പി.പി.സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്. സംസ്ഥാന കമ്മിറ്റി തയാറാക്കിയ സ്ഥാനാർഥി പട്ടിക റിപ്പോർട്ട് ചെയ്യാൻ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ അംഗങ്ങൾ എതിർപ്പ് ഉന്നയിച്ചേക്കും.
English Summary: Poster against Minister AK Balan