ചെന്നിത്തലയിൽ യുഡിഎഫ് പിന്തുണയിൽ സിപിഎം അംഗം പ്രസിഡന്റ്: പിന്നാലെ രാജി
Mail This Article
ആലപ്പുഴ∙ ചെന്നിത്തല– തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പിന്തുണയോടെ സിപിഎമ്മിന്റെ വിജയമ്മ ഫിലേന്ദ്രൻ വിജയിച്ചു. തൊട്ടുപിന്നാലെ രാജി വച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു പട്ടികജാതി വനിതാ സംവരണമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് കേവല ഭൂരിപക്ഷമില്ല. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പിന്തുണയോടെ വിജയമ്മ അധികാരത്തിലെത്തിയെങ്കിലും പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ മാസം രാജിവച്ചിരുന്നു. ഇത്തവണ വീണ്ടും യുഡിഎഫ് പിന്തുണ ലഭിച്ചതാണ് രാജി വയ്ക്കാൻ കാരണം.
കോൺഗ്രസിനും ബിജെപിക്കും 6 വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് 5 അംഗങ്ങളും ഒരു കോൺഗ്രസ് വിമതനുമാണ് പഞ്ചായത്തിലുള്ളത്. ബിജെപിക്കും സിപിഎമ്മിനും മാത്രമാണ് പട്ടികജാതി വനിതാ അംഗങ്ങളുള്ളത്. ബിജെപി അധികാരത്തിലെത്താതിരിക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് സിപിഎം സ്ഥാനാർഥിയെ പിന്തുണച്ചത്. ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനാണ്.
തിരുവൻവണ്ടൂർ പഞ്ചായത്തിലും യുഡിഎഫ് പിന്തുണയോടെ രണ്ടു തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു വിജയിച്ച എൽഡിഎഫ് അംഗങ്ങൾ രാജിവച്ചിരുന്നു.
Content Highlights: Chennithala Thripperumthura Grama Panchayat president election