6 മന്ത്രിമാർക്ക് ‘അശ്ലീല വിഡിയോ പേടി’: കോടതിയെ സമീപിച്ചു; ബിജെപി വെട്ടിൽ
Mail This Article
ബെംഗളൂരു∙ ലൈംഗിക വിഡിയോ വിവാദം പുകയുന്ന കർണാടകയിൽ, അശ്ലീല വിഡിയോകളും ഇതു സംബന്ധിച്ച വാർത്തകളും പുറത്തുവരാതിരിക്കാൻ കോടതിയെ ഉപയോഗിച്ചു മാധ്യമങ്ങൾക്കു തടയിട്ട 6 മന്ത്രിമാരുടെ നടപടി ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്നു.
യുവതിയുമായുള്ള ലൈംഗിക വിഡിയോ പുറത്തുവന്നതിനെ തുടർന്നു കഴിഞ്ഞ 3നു മന്ത്രിസ്ഥാനം രാജിവച്ച രമേഷ് ജാർക്കിഹോളിക്കു പുറമെ മന്ത്രിമാരായ ശിവറാം ഹെബ്ബാർ, ബി.സി. പാട്ടീൽ, എച്ച്.ടി. സോമശേഖർ, ഡോ.കെ സുധാകർ, കെ.സി. നാരായണ ഗൗഡ, ബൈരതി ബസവരാജ് എന്നിവർ ബെംഗളൂരു സിറ്റി സിവിൽ കോടതിയെ സമീപിച്ചാണ് 68 മാധ്യമങ്ങളെ താൽക്കാലികമായി വിലക്കിയിരിക്കുന്നത്. എന്നാൽ ഈ മന്ത്രിമാർ എന്തിനെയാണു ഭയപ്പെടുന്നതെന്ന ചോദ്യം പ്രസക്തമാണ്.
ജനങ്ങളുടെ ഇതേ ചോദ്യം രഹസ്യമായി ഏറ്റെടുത്ത ബിജെപി കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് സംസ്ഥാന ഘടകത്തോടു വിശദീകരണം ചോദിച്ചതായാണു സൂചന. മുഖ്യമന്ത്രി യെഡിയൂരപ്പയുമായി ചർച്ച ചെയ്ത ശേഷമാണോ മന്ത്രിമാരുടെ നടപടിയെന്നാണു നേതൃത്വത്തിന് അറിയേണ്ടത്.
ചോദ്യം ചെയ്തു കേന്ദ്രമന്ത്രി
മാധ്യമങ്ങളെ തടയാൻ മന്ത്രിമാർ കോടതിയെ സമീപിച്ച നടപടി കൂടുതൽ സംശയങ്ങൾക്കും അപവാദങ്ങൾക്കും ഇടവരുത്തുമെന്ന വിമർശനം കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പരസ്യമായി പങ്കുവച്ചു. അത്തരം ഭീതിയുണ്ടെങ്കിൽ വ്യക്തിപരമായി അതിനെ നേരിടുന്നതിനു പകരം കൂട്ടമായി കോടതിയെ സമീപിച്ച നടപടിയാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്.
ജീവിതകാലം മുഴുവൻ തങ്ങളുടെ പ്രതിഛായ കളങ്കപ്പെടുത്താൻ, സ്ഥിരീകരിക്കാത്ത ഈ ആരോപണങ്ങൾക്കു കഴിയുമെന്നതിനാലാണു കോടതിയെ സമീപിച്ചതെന്നു മന്ത്രി സുധാകർ വിശദീകരിച്ചു. പുതിയകാലത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആരെയും ഇത്തരം വീഡിയോകളിൽ മോർഫ് ചെയ്ത് അപകീർത്തിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ തകർക്കാനായി പ്രതിപക്ഷത്തു വലിയ ഗൂഢാലോചന നടക്കുന്നതായാണ് ഈ മന്ത്രിമാർ ആരോപിക്കുന്നത്.
2019 ജൂലൈയിൽ കോൺഗ്രസ് - ദൾ സഖ്യസർക്കാരിനെ അട്ടിമറിച്ച് യെഡിയൂരപ്പ സർക്കാരിനെ അധികാരത്തിലേറ്റാനായി ബിജെപിയിലേക്കു കൂറുമാറിയ 17 എംഎൽഎമാരിൽ പ്രധാനികളാണ് ഇവരെല്ലാം. അന്ന് റിസോർട്ട് നാടകത്തിനു ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളിയോടു കോൺഗ്രസ് പക വീട്ടിയതാണെന്ന് മന്ത്രി സി.പി. യോഗേശ്വറിനെ പോലുള്ളവർ പരസ്യമായി ആരോപിക്കുന്നു.
English Summary: Court Bars Media From Airing ‘Defamatory' News About Six BJP Ministers: new controversy