ADVERTISEMENT

തിരുവനന്തപുരം ∙ അയോധ്യയിലെ രാമക്ഷത്ര നിർമാണത്തിനു കേരളത്തിൽനിന്നു സംഭാവനയായി കിട്ടിയത് 17 കോടി രൂപ. 15 കോടിയാണ് ലക്ഷ്യമിട്ടതെങ്കിലും 2 കോടി അധികം ലഭിച്ചു. രാജ്യത്താകെനിന്ന് 2000 കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിൽ ഒരു മാസം കൊണ്ട് 2500 കോടി ലഭിച്ചു. നിശ്ചയിച്ചതിനേക്കാൾ 500 കോടി അധികം കിട്ടിയതിനാൽ തുക ശേഖരിക്കൽ നിർത്തി.

നിർമാണത്തിന്റെ രണ്ടാംഘട്ടത്തിൽ പണം ആവശ്യമുണ്ടെങ്കിൽ ഇനിയും ശേഖരിക്കും. ആർഎസ്എസ് ആണ് നിധി സമർപ്പണ യജ്ഞത്തിനു നേതൃത്വം നൽകിയത്. രാജ്യമാകെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയിലാണ് ഇത്രയും തുക സംഭാവന ലഭിച്ചത്. 10 ലക്ഷം പ്രവർത്തകരെയാണ് ആർഎസ്എസ് ഇതിനായി നിയോഗിച്ചത്. കേരളത്തിൽ 90,000 പേർ 17,000 വാർഡുകളിൽ സന്ദർശനം നടത്തിയാണ് വ്യക്തികളെ കണ്ടത്.

രാജ്യത്തെ വൻകിട കമ്പനികൾ ക്ഷേത്രനിർമാണത്തിനുള്ള മുഴുവൻ തുകയും നൽകാമെന്ന് അറിയിച്ചുവെങ്കിലും വേണ്ടെന്ന് ക്ഷേത്രനിർമാണ സമിതി തീരുമാനിക്കുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ഗ്രാമങ്ങളിൽനിന്നും പങ്കാളിത്തം വേണമെന്നു തീരുമാനിച്ചാണ് ആർഎസ്എസ് നേരിട്ട് ഇൗ പ്രവർത്തനം ഏറ്റെടുത്തത്.

ജനുവരി 31നാണ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രമുഖ വ്യക്തികളെ കാണാൻ തീരുമാനിച്ചത്. കേരളത്തിൽ മാത്രം 45,000 പ്രമുഖരെ നേരിട്ടു കണ്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെ കേരളത്തിൽനിന്നു സംഭാവന നൽകി. ജാതിയും മതവും നോക്കാതെ എല്ലാ വീടുകളിലും സന്ദേശമെത്തിക്കാനും കിട്ടുന്ന സംഭാവന സ്വീകരിക്കാനുമായിരുന്നു തീരുമാനം.

തമിഴ്നാടും ഗുജറാത്തുമാണ് ഏറ്റവും കൂടുതൽ സംഭാവനയെത്തിച്ച സംസ്ഥാനങ്ങൾ. തമിഴ്നാട് 125 കോടിയാണ് നൽകിയത്. തമിഴ്നാട്ടിലെ ഒരു രാമഭക്തൻ 25 കോടി നൽകി. കേരളത്തിൽ 10 ലക്ഷം വരെ നൽകിയവരുണ്ട്. 10 മുതൽ 100 വരെയുള്ള കൂപ്പണുമായാണ് കേരളത്തിൽ കൂടുതലും നിധിശേഖരണം നടന്നത്. കൂപ്പൺ വഴി 13 കോടി രൂപ കേരളത്തിൽ നിന്നും ലഭിച്ചുവെന്നാണ് ക്ഷേത്രനിർമാണ സമിതിയുടെ റിപ്പോർട്ട്.

ഒരു പഞ്ചായത്തിൽ ലഭിക്കുന്ന പണം ഒരാൾക്ക് ബാങ്കിലൂടെ നേരിട്ട് ക്ഷേത്രം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കാൻ കഴിയുന്ന സംവിധാനമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. 38,125 പഞ്ചായത്ത് നിധി പ്രമുഖന്മാരാണ് രാജ്യത്ത് ഇങ്ങനെ നിയോഗിക്കപ്പെട്ടത്. പത്ത് കോടിയിലേറെ കുടുംബങ്ങളിലെത്താൻ 10 ലക്ഷം പേരെയും അവരിൽനിന്ന് 2 ലക്ഷം ടീമിനെയും നിയോഗിച്ചു.

രാജ്യത്ത് ഇതിനായി 49 കൺട്രോൾ റൂമുകൾ പ്രവർത്തിച്ചു. 25 പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമാരാണ് നേതൃത്വം നൽകിയത്. ഹൈദരാബാദ് ധനുഷ് ഇൻഫോടെക് കമ്പനി വികസിപ്പിച്ചെടുത്ത രാമ നിധി സമർപ്പണ ആപ്പ്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനൽ ബാങ്ക്, എസ്ബിഐ എന്നീ പ്രമുഖ ബാങ്കുകൾ മുഖാന്തരവും രാജ്യത്താകമാനമുള്ള ഡിജിറ്റൽ കളക്‌ഷൻ സെന്ററുകൾ വഴിയുമായിരുന്നു ധനശേഖരണം. 

English Summary : Rs 17 crore donated from Kerala for Ram temple construction in Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com