ADVERTISEMENT

ന്യൂഡൽഹി∙ തനിക്ക് ഭയപ്പെടാനൊന്നുമില്ലെന്നും എന്തുകൊണ്ടാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾ നടന്നതെന്ന് അറിയില്ലെന്നും ബോളിവുഡ് നടി തപ്‌സി പന്നു. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ താൻ ശിക്ഷ അനുഭവിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. താനും കുടുംബവും റെയ്ഡുമായി സഹകരിച്ചുവെന്നും തപ്‌സി പറഞ്ഞു. റെയ്ഡിനിടെ തപ്സിയുടെ വീട്ടിൽനിന്ന് 5 കോടി രൂപയുടെ രസീത് കണ്ടെടുത്തിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. 

‘ആരാണ് എനിക്ക് 5 കോടി നൽകുന്നത് എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. പാരീസിൽ എനിക്ക് ഒരു ബംഗ്ലാവ് ഉണ്ടെന്ന് കഥകളുണ്ടായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകി. ഞാനും കുടുംബവും ഐടി വകുപ്പുമായി സഹകരിച്ചു. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് പുറത്തുവരും. എനിക്ക് ഒന്നും മറയ്ക്കാൻ കഴിയില്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ശിക്ഷ അനുഭവിക്കും. എന്തിനാണ് റെയ്ഡ് നടത്തിയതെന്ന് അറിയില്ല. റെയ്ഡുകൾ നടന്നപ്പോൾ, നടപടിക്രമങ്ങൾ പാലിക്കുകയല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല’ – തപ്സി പറഞ്ഞു.

ആദായനികുതി വകുപ്പ് മാർച്ച് മൂന്നിന് തപ്‌സി പന്നു, സംവിധായകൻ അനുരാഗ് കശ്യപ്, അദ്ദേഹത്തിന്റെ പാർട്ണർമാർ എന്നിവരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു. അനുരാഗ് കശ്യപിന്റെ പ്രൊഡക്‌ഷൻ ഹൗസ് ഫാന്റം ഫിലിംസിനെതിരായ നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലെയും പുണെയിലെയും 30 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ റിലയൻസ് എന്റർടൈൻമെന്റ് ഗ്രൂപ്പ് സിഇഒ ഷിഭാഷിഷ് സർക്കാർ, സെലിബ്രിറ്റി ടാലന്റ് മാനേജ്‌മെന്റ് കമ്പനികളായ ക്വാൺ, എക്‌സൈഡ് എന്നിവയുടെ എക്‌സിക്യൂട്ടീവുകളും ഉൾപ്പെടുന്നു.

English Summary: "Will Serve Punishment If I've Done Wrong": Taapsee Pannu on income tax raids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com