ആഭ്യന്തര മന്ത്രിയല്ലേ, സഹോദരന്റേത് ദുരൂഹ മരണമെങ്കിൽ അന്വേഷിക്കട്ടേ: കാരാട്ട് റസാഖ്
Mail This Article
കൊടുവള്ളി∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെ പ്രസംഗത്തില്‍ പറഞ്ഞ ദുരൂഹ മരണം തന്റെ സഹോദരന്റേതെങ്കില്‍ അന്വേഷിക്കട്ടെയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. സഹോദരന്റെ മരണത്തില്‍ സംശയമില്ല. അമിത് ഷായുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ വെളിപ്പെടുത്തട്ടെയെന്നും കാരാട്ട് റസാഖ് പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പാണ് സഹോദരന്‍ മരിച്ചത്. ഇപ്പോള്‍ ഇതിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ദുരൂഹ സാഹചര്യത്തിലാണ് മരണമുണ്ടായതെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടക്കണമെന്നാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ തിരുവനന്തപുരത്ത് വന്ന് പ്രസംഗിച്ച് പോവുകയല്ല വേണ്ടത്.
ആർജവമുളള കേന്ദ്ര ആഭ്യന്തരമന്ത്രിയാണെങ്കില്‍ ഈ മരണത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അത് അന്വേഷിക്കാന്‍ തയാറാവണം. അങ്ങിനെ സത്യം പുറത്തുകൊണ്ട് വരട്ടെ. അതാണ് ചെയ്യേണ്ടത്, അല്ലാതെ വെറുതേ വന്ന് എന്തെങ്കിലും പറഞ്ഞ് പോവുകയല്ല അമിത് ഷായെപ്പോലുളളവര്‍ ചെയ്യേണ്ടതെന്നും കാരാട്ട് റസാഖ് പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ ഗഫൂര്‍ താമരശ്ശേരി ചുങ്കത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും ഇടിച്ചാണ് അപകടമുണ്ടായത്.
Content Highlights: Karat Razak, Diplomatic Baggage Gold Smuggling, Amit Shah, K Surendran, BJP, Gold Smuggling