കളമശേരിയിൽ പി.രാജീവ് സ്ഥാനാർഥി; നിർദേശം അംഗീകരിച്ച് മണ്ഡലം കമ്മിറ്റി
Mail This Article
കൊച്ചി ∙ കീഴ്ഘടകങ്ങളിലെയും പ്രവർത്തകരുടെയും എതിർപ്പുകളെ അവഗണിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പേരുകൾക്ക് അതതു മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം. കളമശേരി മണ്ഡലത്തിൽ ചന്ദ്രൻ പിള്ളയ്ക്കായി പോസ്റ്ററുകൾ നിരന്നെങ്കിലും അദ്ദേഹം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കമ്മിറ്റി പി.രാജീവിനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സി.മോഹനൻ കമ്മിറ്റിയിൽ പങ്കെടുത്തു.
ആലുവയിൽ ഷെൽന മുഹമ്മദിനെ അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ, ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു. കുന്നത്തുനാട്ടിൽ പി.വി.ശ്രീനിജിന്റെ പേരിനും അംഗീകാരം ലഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
തൃപ്പൂണിത്തുറയിൽ സിറ്റിങ് എംഎൽഎ എം.സ്വരാജിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിന് നിയോജക മണ്ഡലം കമ്മിറ്റി അംഗീകാരം നൽകി. നിയോജക മണ്ഡലം സെക്രട്ടറി സി.എൻ.സുന്ദരൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി.സുരേന്ദ്രൻ, ഏരിയ സെക്രട്ടറി പി.വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലത്ത് സിറ്റിങ് എംഎൽഎ ആന്റണി ജോണിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം മണ്ഡലം കമ്മിറ്റി അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ പങ്കെടുത്തു. വൈപ്പിനിൽ എൻ.ഉണ്ണികൃഷ്ണനെ സ്ഥാനാർഥിയാക്കിയ തീരുമാനം അംഗീകരിച്ചു. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, എസ്.ശർമ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Assembly Election: P Rajeev to contest from Kalamassery Constituency