‘സിഡി പുറത്താവുന്നതിന് 26 മണിക്കൂർ മുൻപ് ബിജെപി മുന്നറിയിപ്പ് തന്നു; താൻ നിരപരാധി’
Mail This Article
ബെംഗളൂരു ∙ സർക്കാർ ജോലി വാഗ്ദാനം ചെയ്തു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണത്തെ തുടർന്നു രാജിവച്ചതിൽ വിശദീകരണവുമായി കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ രമേഷ് ജാർക്കിഹോളി. സമൂഹമാധ്യമങ്ങളിൽ ലൈംഗിക വിഡിയോ പ്രത്യക്ഷപ്പെടുന്നതിന് 26 മണിക്കൂർ മുൻപു ബിജെപി ഉന്നതനേതൃത്വം ഇതേപ്പറ്റി മുന്നറിയിപ്പു നൽകിയിരുന്നെന്നും, തന്നെ അപകീർത്തിപ്പെടുത്താൻ എതിരാളികൾ സിഡി തയാറാക്കുകയായിരുന്നെന്നും ജാർക്കിഹോളി പറഞ്ഞു.
ജാർക്കിഹോളിയും യുവതിയും ഉൾപ്പെട്ടതായി പറയുന്ന അശ്ലീല വിഡിയോ പുറത്തുവന്നതു കർണാടക ബിജെപിയിലും സർക്കാരിലും വലിയ വിവാദമുയർത്തിയിരുന്നു. താൻ നിരപരാധിയാണെന്നും വലിയ രാഷ്ട്രീയ ഗുഢാലോചനയുടെ ഇരയാണെന്നും പുറത്തുവന്ന വിഡിയോ നൂറു ശതമാനം വ്യാജമാണെന്നും ചൊവ്വാഴ്ച ജാർക്കിഹോളി മാധ്യമങ്ങളോടു പറഞ്ഞു. രാജിവച്ച് ഒരാഴ്ചയ്ക്കു ശേഷം ബെംഗളൂരു സദാശിവനഗർ വസതിയിലാണു വാർത്താസമ്മേളനം നടത്തിയത്.
‘വിവാദ സിഡിയെക്കുറിച്ചു നാലു മാസം മുൻപു ഞാൻ കേട്ടിരുന്നു. എന്റെ സഹോദരൻ ബാലചന്ദ്ര ഇതേക്കുറിച്ചു ചോദിക്കുകയായിരുന്നു. ഒരു സിഡിയുമായും എനിക്കു ബന്ധമില്ലെന്നു സഹോദരനോടു പറഞ്ഞു. ഇപ്പോൾ സിഡി പുറത്താകുന്നതിനു 26 മണിക്കൂർ മുൻപ്, പാർട്ടി ഹൈക്കമാൻഡ് വിളിച്ച് മുന്നറിയിപ്പ് തന്നു. നാളെ വൈകിട്ട് അഞ്ചിനും ആറിനും ഇടയിൽ സിഡി റിലീസ് ആകുമെന്നായിരുന്നു മുന്നറിയിപ്പ്. ഞാൻ നിരപരാധിയായതിനാൽ നിയമനടപടികൾ വേണ്ടെന്നാണു ചിന്തിച്ചത്. ഏതു വെല്ലുവിളിയും നേരിടാനൊരുക്കമാണ്.
സിഡി പുറത്തുവന്ന ദിവസം, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ മുൻനിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയിൽ മുതിർന്ന രാഷ്ട്രീയ നേതാവിനു പങ്കുണ്ട്. താൻ ജലവിഭവ മന്ത്രിയായി സ്ഥാനമേറ്റപ്പോൾ ഇതേ നേതാവ് കളിയാക്കിയിരുന്നു. മൂന്നു മാസം പോലും മന്ത്രിപദവി കൈകാര്യം ചെയ്യാനാവില്ല എന്നായിരുന്നു പരിഹാസം. എന്നാൽ ഒരു വർഷം വിജയകരമായി പൂർത്തിയാക്കി. രാഷ്ട്രീയ എതിരാളികൾ 20 കോടി രൂപ ചെലവിട്ട് എന്നെ അപകീർത്തിപ്പെടുത്താൻ സിഡി തയാറാക്കുകയായിരുന്നു. ആരോപണമുന്നയിച്ച യുവതിക്ക് 5 കോടി രൂപയും വിദേശത്തു രണ്ടു മുറി അപ്പാർട്ട്മെന്റും അവർ നൽകി.’– ജാർക്കിഹോളി പറഞ്ഞു.
നിരപരാധിത്വം തെളിയിക്കുമെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണു രാജിയെന്നും ജാർക്കിഹോളി വ്യക്തമാക്കി. 2019ൽ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ദൾ-കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു ബിജെപിയെ അധികാരത്തിലേറ്റിയ വിമത നീക്കത്തിന്റെ ആസൂത്രകനായിരുന്നു ഇദ്ദേഹം. വിഡിയോ ദൃശ്യങ്ങളിലെ സംഭാഷണത്തിൽ യെഡിയൂരപ്പ അഴിമതിക്കാരനാണെന്നു ജാർക്കിഹോളി പറയുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. യെഡിയൂരപ്പയെ മാറ്റി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി മുഖ്യമന്ത്രിയാകുമെന്നും വിഡിയോയിൽ പറയുന്നു. കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷനിൽ യുവതിക്കു വാഗ്ദാനം ചെയ്തിരുന്ന ജോലി കിട്ടാതെ വന്നതോടെയാണു വിഡിയോ പുറത്തുവന്നതെന്നാണു റിപ്പോർട്ട്.
അതിനിടെ, അശ്ലീല വിഡിയോകളും ഇതു സംബന്ധിച്ച വാർത്തകളും പുറത്തു വരാതിരിക്കാൻ കോടതിയെ ഉപയോഗിച്ചു മാധ്യമങ്ങൾക്കു തടയിട്ട 6 മന്ത്രിമാരുടെ നടപടി ബിജെപി നേതൃത്വത്തെ വെട്ടിലാക്കി. രമേഷ് ജാർക്കിഹോളിക്കു പുറമെ മന്ത്രിമാരായ ശിവറാം ഹെബ്ബാർ, ബി.സി.പാട്ടീൽ, എച്ച്.ടി.സോമശേഖർ, ഡോ. കെ.സുധാകർ, കെ.സി.നാരായണ ഗൗഡ, ബൈരതി ബസവരാജ് എന്നിവർ ബെംഗളൂരു സിറ്റി സിവിൽ കോടതിയെ സമീപിച്ചാണ് 68 മാധ്യമങ്ങളെ താൽക്കാലികമായി വിലക്കിയത്. മാധ്യമങ്ങളെ തടയാൻ മന്ത്രിമാർ കോടതിയെ സമീപിച്ച നടപടി കൂടുതൽ സംശയങ്ങൾക്കും അപവാദങ്ങൾക്കും ഇടവരുത്തുമെന്നു കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ വിമർശിച്ചു.
English Summary: BJP high command alerted me about sex CD 26 hrs before release: Jarkiholi