സിപിഎം സ്ഥാനാർഥി പ്രഖ്യാപനം നാളെ; എതിർപ്പുകൾക്ക് വഴങ്ങില്ല, തുടർന്നാൽ നടപടി
Mail This Article
തിരുവനന്തപുരം ∙ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള പ്രാദേശികമായ എതിർപ്പുകൾക്ക് വഴങ്ങേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ഇന്നത്തെ മണ്ഡലം കമ്മറ്റി റിപ്പോർട്ടിങ്ങോടെ എതിർപ്പുകൾ അവസാനിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നിട്ടും പരസ്യ പ്രതിഷേധങ്ങൾ തുടർന്നാൽ അച്ചടക്കനടപടിയെടുക്കും.
തരൂരിൽ പി.കെ.ജമീലയെ മാറ്റിയതു കൊണ്ട് സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കലാപം തീരുന്നില്ല. പൊന്നാനിയിലും കുറ്റ്യാടിയിലും കൊടിയുമേന്തി അണികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന്റെ അമ്പരപ്പിലാണ് പാർട്ടി. പൊന്നാനിയിലേത് താൽക്കാലികമായ വികാരപ്രകടനമാണെന്ന് കരുതി ആശ്വസിക്കാനാണ് സംസ്ഥാന നേതൃത്വം ഇഷ്ടപ്പെടുന്നത്. എന്നാൽ ജനകീയനായ നേതാവ് ടി.എം.സിദ്ദിഖ് അവഗണിക്കപ്പെടുന്നെന്ന അമർഷം അണികളിൽ പുകയുന്നുണ്ട്. ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തിൽ എന്തുകൊണ്ട് പി.നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയെന്ന് നേതൃത്വം വിശദീകരിക്കും.
കുറ്റ്യാടിയിലും കേരള കോൺഗ്രസിന് മണ്ഡലം നൽകിയതു സംബന്ധിച്ച് ജില്ലാ നേതൃത്വം വിശദീകരിക്കും. അരുവിക്കരയിലും ജില്ലാ നേതൃത്വം നിർദേശിച്ച സ്ഥാനാർത്ഥിയെ മാറ്റിയെങ്കിലും പരസ്യ പ്രതിഷേധം ഉണ്ടാകാത്തത് സിപിഎമ്മിന് ആശ്വാസമായി. എന്നാൽ ഇന്ന് അരുവിക്കര മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധം ഉയർന്നേക്കും. എറണാകുളത്തും ദേവികുളത്തും സ്ഥാനാർത്ഥി കാര്യത്തിൽ ആശയക്കുഴപ്പം തീർന്നിട്ടില്ല.
എറണാകുളത്ത് യേശുദാസ് പറപ്പിള്ളിക്ക് പകരം ഷാജി ജോർജിനെ തന്നെ പരിഗണിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചിരിക്കുന്നത്. ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യും. ഇന്ന് നിയോജക മണ്ഡലം കമ്മിറ്റികളിൽ സ്ഥാനാർത്ഥികളാരെന്ന് റിപ്പോർട്ട് ചെയ്ത ശേഷം പി.ബിയുടെ അനുമതിയോടെ നാളെ പ്രഖ്യാപനം നടത്താനാണ് തീരുമാനം.
English Summary: CPM likely to take action against public agitations