ADVERTISEMENT

നിലമ്പൂർ ∙ നാളെ നാട്ടിലേക്കു തിരികെ എത്തുമെന്ന് സമൂഹമാധ്യമത്തിലെ പുതിയ വിഡിയോയിലൂടെ പി.വി.അൻവർ എംഎൽഎ. വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണ്. 25,000 കോടിയുടെ രത്നഖനന പദ്ധതിയുമായിട്ടാണു തിരിച്ചെത്തുന്നത്. 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും അൻവർ വിഡിയോയിൽ അവകാശപ്പെട്ടു.

ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ 6000 മലയാളികള്‍ക്ക് ജോലി നല്‍കാനാകും. ഹജ്  യാത്രയ്ക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് പങ്കാളി. തന്റെ നാട്ടിലെ കഷ്ടപ്പാടുകളില്‍നിന്നുള്ള മോചനമാണ് പുതിയ സംരംഭമെന്നും അൻവർ വ്യക്തമാക്കി.

നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത് അന്‍വറിനെയാണ്. എന്നാല്‍ എംഎല്‍എ മാസങ്ങളായി നാട്ടില്‍ ഇല്ലാത്തത് ചര്‍ച്ചയായിരുന്നു. സ്ഥലത്തില്ലെങ്കിലും പ്രചാരണ ബോർഡുകളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അൻവർ തുടക്കമിട്ടു. എംഎൽഎയുടെ വികസന നേട്ടങ്ങൾ വ്യക്തമാക്കുന്ന കൂറ്റൻ ബോർഡാണു കഴിഞ്ഞ ദിവസം നിലമ്പൂർ നഗരത്തിൽ ഉയർന്നത്.

5 വർഷത്തിനുള്ളിൽ 600 കോടിയുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഫ്ലെക്സിൽ പക്ഷേ, ഇടതു മുന്നണിയെക്കുറിച്ചോ പിണറായി വിജയൻ സർക്കാരിനെക്കുറിച്ചോ പരാമർശമില്ല. അൻവറിനെ കാണാനില്ലെന്ന് കാണിച്ച് പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്.

ജയിലിലാണെന്ന പ്രചാരണത്തെ തുടർന്ന് ‘അൻവറിനെ വിട്ടു തരൂ’ എന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ സമൂഹമാധ്യമ പേജിൽ മലയാളത്തിലുള്ള ആക്ഷേപഹാസ്യ പോസ്റ്റുകൾ വന്നിരുന്നു. തുടർന്നാണ് കഴിഞ്ഞമാസം സമൂഹമാധ്യമത്തിൽ പോസ്റ്റും വിഡിയോയുമായി അൻവർ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയെയും നിലമ്പൂരിലെ പാർട്ടി നേതൃത്വത്തെയും അറിയിച്ച് സമ്മതം വാങ്ങിയ ശേഷമാണ് യാത്ര പുറപ്പെട്ടതെന്ന് അൻവർ പറഞ്ഞിരുന്നു.

English Summary: PV Anwar MLA will be back tomorrow, new video out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com