അഞ്ച് വർഷത്തിനിടെ കോൺഗ്രസ് വിട്ട് വീണ്ടും മത്സരിച്ചത് 172 എംഎൽഎമാർ: പഠന റിപ്പോർട്ട്
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം എംഎൽഎമാർ കോൺഗ്രസിൽനിന്നാണു പാർട്ടി വിട്ടതും വീണ്ടും മത്സരിച്ചതുമെന്നു പഠനം. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) വിശകലനത്തിലാണ് ഈ കണക്കുള്ളത്. പാർട്ടികൾ മാറി വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച 433 എംപി/എംഎൽഎമാരുടെ സത്യവാങ്മൂലമാണ് എഡിആർ വിശകലനം ചെയ്തത്.
2016നും 2020നും ഇടയിൽ 172 എംഎൽഎമാർ മറ്റൊരു പാർട്ടിയിൽ ചേരാൻ കോൺഗ്രസിൽനിന്നു പുറത്തുപോയെന്നാണ് എഡിആർ പറയുന്നത്. ഈ കാലയളവിൽ രാഷ്ട്രീയ പാർട്ടികൾ മാറിയ എംഎൽഎമാരുടെ ആകെ എണ്ണം 405 ആണ്. ഇതിൽ 44.9 ശതമാനം പേർ ബിജെപിയിൽ ചേർന്നു. പുതുതായെത്തിയ എംഎൽഎമാരുടെ പട്ടികയിൽ കോൺഗ്രസ് രണ്ടാമതാണ്– 38 പേർ. 25 എംഎൽഎമാർ തെലങ്കാന രാഷ്ട്ര സമിതിയിലും (ടിആർഎസ്) ചേർന്നിട്ടുണ്ട്.
കോൺഗ്രസിൽനിന്നു പുറത്തുപോയ എംഎൽഎമാരുടെ എണ്ണം ബിജെപി വിട്ടവരേക്കാൾ 9.5 മടങ്ങ് കൂടുതലാണ്. പാർട്ടി വിട്ട ലോക്സഭാ എംപിമാരുടെ കണക്കെടുത്താൽ കോൺഗ്രസിൽനിന്ന് ആരുമില്ല. ആകെ 12 പേരുടെ പട്ടികയിൽ ഏറ്റവുമധികം നഷ്ടം ബിജെപിക്കാണ്– 5. പാർട്ടി വിട്ട 16 രാജ്യസഭാ എംപിമാരിൽ 7 പേർ കോൺഗ്രസിൽനിന്നാണ്. രാജ്യസഭാ എംപിമാരിൽ 10 പേർ (62.5 ശതമാനം) ബിജെപിയിൽ ചേർന്നു. 12 ലോക്സഭാ എംപിമാരിൽ 5 പേർ (41.7 ശതമാനം) പേർ കോൺഗ്രസിലും അംഗത്വമെടുത്തു.
മധ്യപ്രദേശ്, മണിപ്പുർ, ഗോവ, അരുണാചൽ പ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ സമീപകാല സർക്കാരുകളുടെ പതനം അവരുടെ എംഎൽഎമാരുടെ കൂറുമാറ്റം മൂലമാണ്. കൂറുമാറ്റം തടയാൻ, എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തീരുമാനമെടുക്കുന്നത് നിലവിലുള്ള പ്രിസൈഡിങ് ഓഫിസർമാർക്ക് (ചെയർമാൻ അല്ലെങ്കിൽ സ്പീക്കർ) പകരം രാഷ്ട്രപതി (എംപിമാർ) അല്ലെങ്കിൽ ഗവർണർ (എംഎൽഎമാർ) എന്നിവർക്കു കൈമാറണമെന്ന നിർദേശവും എഡിആർ മുന്നോട്ടുവയ്ക്കുന്നു.
English Summary: 172 MLAs left Congress to re-contest elections in last 5 years, says analysis