ADVERTISEMENT

മുംബൈ ∙ ഒരിടവേളയ്ക്കുശേഷം കോവിഡ് കേസുകൾ വീണ്ടും കൂടിയതോടെ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ആലോചിച്ച് മുംബൈ. 24 മണിക്കൂറിനുള്ളിൽ 1500 കേസുകളാണു കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിനു ശേഷമുള്ള വലിയ വർധനയാണിത്. ഇതോടെയാണു നിയന്ത്രണം കടുപ്പിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തീരുമാനിച്ചത്.

‘ഇപ്പോൾ ലോക്ഡൗൺ ആലോചനയിലില്ല. എന്നാൽ കേസുകൾ ഇതുപോലെ ഉയരുകയും ജനങ്ങളിൽനിന്നു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും, വിശദമായ അവലോകനത്തിനു ശേഷം നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരും. ഉചിതമായ സമയത്ത് ആ തീരുമാനം എടുക്കും’– അഡീഷനൽ മുനിസിപ്പൽ കമ്മിഷണർ സുരേഷ് കകാനി ദേശീയ മാധ്യമത്തോടു പറഞ്ഞു. ചേരികളിൽനിന്നു മറ്റിടങ്ങളിലേക്കും കൂടി കോവിഡ് പ്രതിരോധ നടപടികൾ വ്യാപിപ്പിക്കും.

‘ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽനിന്നും ചേരികളിൽനിന്നും ഫ്ലാറ്റുകളിലേക്കും കെട്ടിടങ്ങളിലേക്കും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഹോം ക്വാറന്റീനിൽ ഇരിക്കുന്നവർ ശരിയായാണോ പ്രോട്ടോക്കോൾ പിന്തുടരുന്നത് എന്നുറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. പ്രോട്ടോക്കോൾ ലംഘനങ്ങൾ പൊലീസ് കേസ് ആക്കാനാണു നീക്കം. വർധിച്ചുവരുന്ന കേസുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യമാണ്’– കകാനി വിശദീകരിച്ചു.

വാക്സിനേഷനായി ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് ബിഎംസി അനുമതി നൽകി. ദിവസം 50,000 വാക്സിനേഷൻ ആയിരുന്നു തുടക്കത്തിൽ നടത്തിയത്. ഇനിയുള്ള 30 ദിവസം പ്രതിദിനം ഒരു ലക്ഷം വാക്സിനേഷനാണു ലക്ഷ്യമിടുന്നത്. മൺസൂൺ ആരംഭിക്കുന്നതിനുമുൻപു പരമാവധി പേർക്കു വാക്സീൻ ലഭ്യമാക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Lockdown in Mumbai? Day After City Sees Highest Spike in Covid-19 Cases Since Oct, BMC Says All Options Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com