ഇടതുപക്ഷം അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കും: കോടിയേരി
Mail This Article
തിരുവനന്തപുരം∙ ഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നു സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 വയസ്സുകഴിഞ്ഞ പെൻഷനില്ലാത്ത എല്ലാപേർക്കും എല്ലാ വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതി എൽഡിഎഫ് കൊണ്ടുവരും. വീടുകൾ സുരക്ഷിതമാക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടപ്പിലാക്കിയതെന്നു കോടിയേരി പറഞ്ഞു. അസാധ്യമായത് സാധ്യമാക്കി. ദേശീയപാത വികസനത്തിനുള്ള തടസം മാറ്റി. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കി. മറ്റുള്ള സംസ്ഥാനങ്ങളിൽ സർക്കാരിനെ തകർത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജൻസികള്‍ റാകി പറക്കുന്നത്. മറ്റു സംസ്ഥാനങ്ങളെപോലെയല്ല കേരളം എന്ന് അവർ ഓർക്കണം. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: If LDF comes to power, welfare pension will be increased: Kodiyeri Balakrishnan