ഇഡിക്കെതിരെ സന്ദീപ് നായർ: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു
Mail This Article
കൊച്ചി ∙ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് ജില്ലാ ജഡ്ജിക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കത്ത്. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞു. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കത്തിലുണ്ട്. കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.
സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ്, യുഎഇയിൽനിന്നെത്തിച്ച റബിൻസ് ഹമീദ് എന്നിവരടക്കം 20 പ്രതികൾക്കെതിരെയാണു കുറ്റപത്രം. നാലാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരുന്നു. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതി ചേർത്ത എം. ശിവശങ്കറെ എൻഐഎ പ്രതിയാക്കിയിട്ടില്ല. റബിൻസിന്റെ കൂട്ടാളി ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്ത് യുഎഇയിൽനിന്നു നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാരംഭ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നിർബന്ധിച്ചുവെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് പൊലീസുകാരി മൊഴി നൽകിയിരുന്നു. സ്വപ്നയുടെ എസ്കോർട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയന്റേതാണ് മൊഴി.
നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഏറ്റവും നിർബന്ധപൂർവം മൊഴിപറയിപ്പിച്ചത് രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണെന്നും സിജിയുടെ മൊഴിയിൽ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിജി മൊഴി നൽകിയത്.
English Summary: Kerala gold smuggling: Sandeep Nair against Enforcement Directorate