ADVERTISEMENT

ഇസ്‍ലാമാബാദ് ∙ മകൾ മറിയം നവാസിനെ പാക്കിസ്ഥാൻ പട്ടാളം ഭീഷണിപ്പെടുത്തിയെന്നു മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മറിയത്തിന് എന്തെങ്കിലും പറ്റിയാൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്ന് ഉന്നത ജനറലുകളും ഉത്തരവാദികളാകുമെന്നും ലണ്ടനിൽനിന്നുള്ള വിഡിയോ സന്ദേശത്തിൽ പി‌എം‌എൽ-എൻ മേധാവിയായ നവാസ് പറഞ്ഞു.

‘പട്ടാളത്തിനെതിരെ സംസാരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ തകർക്കുമെന്നാണ് മറിയത്തിനെ ഭീഷണിപ്പെടുത്തുന്നത്. നിങ്ങൾ വളരെ തരം താഴ്ന്നിരിക്കുന്നു. ആദ്യം നിങ്ങൾ മറിയം താമസിച്ചിരുന്ന കറാച്ചി ഹോട്ടൽ മുറിയുടെ വാതിൽ തകർത്തു. ഇപ്പോൾ അവളെ ഭീഷണിപ്പെടുത്തുന്നു. മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ, ഐ‌എസ്‌ഐ മേധാവി ലഫ്.ജനറൽ ഫൈസ് ഹമീദ്, ജനറൽ ഇർഫാൻ മാലിക് എന്നിവർ ഉത്തരവാദികളായിരിക്കും’– 71 കാരനായ നവാസ് വ്യക്തമാക്കി.

അൽ അസീസിയ മിൽസ് അഴിമതിക്കേസിൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ ഏഴു വർഷം തടവ് അനുഭവിക്കുകയായിരുന്ന നവാസ് ഷെരീഫ് 2019 നവംബർ മുതൽ ഷെരീഫ് ലണ്ടനിലാണ്. ആരോഗ്യ കാരണങ്ങളാൽ ലാഹോർ ഹൈക്കോടതി നാലാഴ്ച ജാമ്യം അനുവദിച്ചതിനെത്തുടർന്ന് നവാസിനെ രാജ്യം വിടാൻ സർക്കാർ അനുവദിച്ചിരുന്നു. പിന്നീട് മടങ്ങിവന്നില്ല. രാഷ്ട്രീയത്തിലേക്കു വലിച്ചിഴക്കരുതെന്ന് അഭ്യർഥിച്ചതിനു സൈന്യത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. 

‘കഴിവില്ലാത്ത ഇമ്രാൻ ഖാനെ രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കാൻ നിങ്ങൾ (ജനറൽമാർ) 2018ലെ വോട്ടെടുപ്പിൽ ഇടപെട്ടു. സെനറ്റിലെ പരാജയത്തിനുശേഷം നിങ്ങൾ തിരഞ്ഞെടുത്തയാളെ (ഇമ്രാൻ ഖാനെ) വിശ്വാസ വോട്ടെടുപ്പിൽ സഹായിച്ചു. ഇതൊന്നും രഹസ്യമല്ല. നിങ്ങൾ ചെയ്തതു ഗുരുതരമായ കുറ്റമാണ്. നിങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരം നൽകേണ്ട‌ി വരും.’– നവാസ് മുന്നറിയിപ്പ് നൽകി. തനിക്ക് ഭീഷണി മാത്രമല്ല, മോശം ഭാഷയിൽ അധിക്ഷേപവും നേരിടേണ്ടി വന്നെന്നു പി‌എം‌എൽ-എൻ പാർട്ടിയുടെ മുതിർന്ന നേതാവായ മറിയം ട്വീറ്റിൽ പറഞ്ഞു.

English Summary: "If Anything Happens To Daughter..." Nawaz Sharif Targets Pak PM, Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com