കണ്ണുകൾ നേമത്തേക്ക്; കോണ്‍ഗ്രസിന് ഒരേസമയം നേട്ടവും വെല്ലുവിളിയും
Mail This Article
തിരുവനന്തപുരം∙ ഉമ്മന്‍ ചാണ്ടി നേമത്ത് മല്‍സരിക്കാനിറങ്ങിയാല്‍ ഒരേസമയം നേട്ടവും വെല്ലുവിളിയുമാണ് കോണ്‍ഗ്രസിന്. ബിജെപിയെ അതിന്റെ മടയില്‍ നേരിടുന്നതിലൂടെ കോണ്‍ഗ്രസ് – ബിജെപി രഹസ്യ സഖ്യമെന്ന സിപിഎമ്മിന്റെ പതിവ് ആക്ഷേപത്തെ ഇല്ലാതാക്കാം. അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ട, ബൂത്ത് കമ്മിറ്റികള്‍ പോലുമില്ലാത്ത നേമത്ത് ജയിച്ചുകയറുകയെന്നതും എളുപ്പമല്ല.
ഉമ്മന്‍ ചാണ്ടി വന്നാല്‍ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ഇവയാണ്. ശക്തികേന്ദ്രമായ നേമത്ത് ബിജെപിയുടെ മുന്നേറ്റം തടയാനായാല്‍ 140 മണ്ഡലങ്ങളിലും അത് പ്രതിഫലിക്കും. ഏഴിടത്ത് രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയാണ് കഴിഞ്ഞതവണ യുഡിഎഫിന്റെ തിരിച്ചടിക്ക് ആക്കം കൂട്ടിയത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന സന്ദേശവും നല്‍കാം. ഇതിലെല്ലാം ഉപരി ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന നേമത്ത് ഉമ്മന്‍ ചാണ്ടി പോരിനിറങ്ങിയാല്‍ സംസ്ഥാനത്താകെ പ്രവര്‍ത്തകരിലും നേതാക്കളിലും വന്‍ ആവേശമുണ്ടാക്കും.
അതേസമയം, ജയിച്ചുകയറുകയെന്നതും വെല്ലുവിളിയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 21 വാര്‍ഡുകളില്‍ ഒന്നുപോലും നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 13,860 വോട്ടുകള്‍ മാത്രമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത്. താഴെത്തട്ടില്‍ ശക്തമായ സംഘടനാ സംവിധാനം ഇല്ലാത്ത നേമത്ത് പ്രചാരണത്തിലും നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.
എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങേണ്ട ഉമ്മന്‍ ചാണ്ടി, മുഴുവന്‍ സമയത്തും നേമത്ത് മാത്രമായി ഒതുങ്ങേണ്ടി വരും. തോല്‍വി മണത്താല്‍ എതിരാളികള്‍ ക്രോസ് വോട്ടിനും മടിക്കില്ല. ഉമ്മന്‍ ചാണ്ടി മാറിയാല്‍ പുതുപ്പള്ളി നഷ്ടപ്പെടുമൊയെന്ന ആശങ്ക മറുവശത്ത്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നേമത്ത് ജയിക്കാനായാല്‍ ഒന്നാമനാരെന്ന ചോദ്യത്തിനു പ്രസക്തിയുണ്ടാകില്ലന്നു മാത്രമല്ല, അരനൂറ്റാണ്ട് പിന്നിട്ട പാര്‍ലമെന്ററി ജീവിതത്തിലെ തിളക്കമേറിയ നേട്ടം കൂടിയാകുമത്.
Content Highlights: Oommen Chandy for Nemom