നേമം പിടിക്കാൻ രാഹുല്‍ ഗാന്ധിയുടെ തന്ത്രം; ശശി തരൂരിനെ ഇറക്കാൻ കോൺഗ്രസ്
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ ബിജെപിയുടെ ഏക സീറ്റായ നേമം പിടിക്കാൻ കോൺഗ്രസിന്റെ തന്ത്രം. തിരുവനന്തപുരം എംപി ശശി തരൂരിനെ നേമത്തു മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം. എന്നാൽ ഈ തീരുമാനത്തോടു സംസ്ഥാനത്തെ നേതാക്കൾക്ക് അനുകൂല പ്രതികരണമല്ല ഉള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും പേരുകൾ നേമത്തേക്ക് ഉയർന്നു കേട്ടിരുന്നെങ്കിലും രാഹുൽ ഗാന്ധിയുടെ ഇടപെടലാണ് ശശി തരൂരിനെ പരിഗണിക്കുന്നതിലേക്ക് എത്തിയത്.
ശശി തരൂരിനെപ്പോലെ ദേശീയ തലത്തിലെ കരുത്തനായൊരു നേതാവ് നേമത്ത് മത്സരിച്ച് ബിജെപി സീറ്റ് പിടിച്ചെടുത്താൽ അതു രാജ്യത്താകെ ശക്തമായ സന്ദേശമായിരിക്കും നൽകുകയെന്നാണു രാഹുലിന്റെ നിരീക്ഷണം. തരൂരിനെ ഇറക്കുന്നതിലൂടെ രാഹുൽ ഗാന്ധി രണ്ട് കാര്യങ്ങളാണു ലക്ഷ്യമിടുന്നത്. തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തിൽ ഇറക്കുന്നതിലൂടെ എ,ഐ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാം. കേരളഘടകത്തെ നിയന്ത്രണത്തിലാക്കാനും ഇതു സഹായിക്കും– രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ഒരു നേതാവ് ‘ദ് വീക്കിനോട്’ വെളിപ്പെടുത്തി.
എന്നാൽ തരൂരിനോട് അത്ര നല്ല ബന്ധം അല്ലാത്ത ചില നേതാക്കൾക്കു രാഹുലിന്റെ നിർദേശം പിടിച്ചിട്ടില്ലെന്നാണു വിവരം. കേരള രാഷ്ട്രീയത്തിൽ നല്ല സ്വാധീനമുള്ള ഏതെങ്കിലും നേതാക്കളെ പരിഗണിക്കണമെന്നാണ് ഇവരുടെ വാദം.
എന്തുവില കൊടുത്തും തിരഞ്ഞെടുപ്പ് ജയിക്കണമെന്നും അതിനു പറ്റിയ മുഖമാണു ശശി തരൂരെന്നുമാണു ഒരു കോൺഗ്രസ് നേതാവ് പറയുന്നത്. തരൂർ മത്സരിക്കുന്ന കാര്യത്തിൽ എ.കെ. ആന്റണിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പൂർണ പിന്തുണയാണു നൽകുന്നത്. മത്സരിക്കുന്ന കാര്യത്തിൽ തുടക്കത്തിൽ വൈമനസ്യം കാണിച്ചിരുന്ന ശശി തരൂര്‍ ഇപ്പോൾ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. തരൂരിനെ മുഖമാക്കുന്നതിലൂടെ യുവാക്കളെയും പാർട്ടിക്കു പുറത്തുള്ള വോട്ടുകളെയും കോൺഗ്രസിനൊപ്പമെത്തിക്കാൻ സാധിക്കുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ.
ട്വന്റി20 പോലുള്ള സംഘടനകള്‍ക്ക് ലഭിക്കുന്ന വോട്ടുകളും തരൂരിന്റെ സ്വാധീനത്തിൽ കോൺഗ്രസിലേക്കെത്തുമെന്നും കരുതുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതിനാൽ സംസ്ഥാനത്താകെ കോൺഗ്രസ് തരംഗമുണ്ടായിരുന്നു. തരൂർ വന്നാലും ഇങ്ങനെ സംഭവിക്കുമെന്നാണു പാർട്ടി പ്രതീക്ഷിക്കുന്നത്. നിർദേശത്തോട് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരും യോജിക്കുമെന്നാണു പ്രതീക്ഷയെന്ന് ഒരു സംസ്ഥാന നേതാവ് ‘ദ് വീക്കിനോടു’പറഞ്ഞു. വെള്ളിയാഴ്ച തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും.
English Summary: Rahul wants Tharoor to fight Kerala polls from BJP 'bastion' Nemom