താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സ്റ്റേ ചെയ്തത് ഏപ്രിൽ 8 വരെ തുടരും
Mail This Article
കൊച്ചി∙ സർക്കാർ, പൊതു മേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ ഏപ്രിൽ എട്ടാം തീയതി വരെ തുടരും. സർക്കാർ നടത്തിയ സ്ഥിരപ്പെടുത്തലുകളെ ചോദ്യം ചെയ്ത് കോടതിയിലെത്തിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതി സ്റ്റേ തുടരുന്നതിന് നിർദേശിച്ചത്. പിഎസ്‍സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തല്‍ നടന്നതെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. സ്പെഷല്‍ റൂള്‍ പ്രകാരമാണ് ഈ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ നടപടികളെന്നാണ് സർക്കാർ വാദം.
അങ്ങനെയെങ്കിൽ സ്പെഷല്‍ റൂളിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് അഭ്യർഥിച്ചു. ഏപ്രില്‍ എട്ടിനു മുമ്പ് സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതിയുടെ കര്‍ശനനിര്‍ദേശം നൽകി. തുടർന്ന് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റുകയായിരുന്നു. അതുവരെ സ്ഥിരപ്പെടുത്തലിനുള്ള സ്റ്റേ തുടരുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
Content Highlights: Stay on staff regularization continues