ഇരിക്കൂറിലും മട്ടന്നൂരിലും കോൺഗ്രസിൽ പൊട്ടിത്തെറി; പടരുന്ന അതൃപ്തി
Mail This Article
കണ്ണൂർ∙ ഇരിക്കൂർ സീറ്റിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കി പരിഗണിക്കുന്നതിനെതിരെ എ ഗ്രൂപ്പ് പ്രമേയം അംഗീകരിച്ച് സോണിയാഗാന്ധിക്ക് അയച്ചു. ഇരിക്കൂറിൽ മൂന്നു ബ്ലോക്ക് കമ്മിറ്റികളിൽ ആലക്കോട്, ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റികളുടെ പ്രസിഡന്റുമാർ പ്രമേയത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സജീവ് സമാന്തര ഗ്രൂപ്പ് പ്രവർത്തനം നടത്തിയ വ്യക്തിയാണെന്നു പ്രമേയത്തിൽ ആരോപിക്കുന്നു.
രാവിലെ ചേർന്ന ഗ്രൂപ്പ് യോഗത്തിൽ കെപിസിസി സെക്രട്ടറിമാർ അടക്കമുള്ളവർ പങ്കെടുത്തു. ഇതിനുശേഷം ശ്രീകണ്ഠപുരം നഗരത്തിൽ പ്രകടനം നടത്തുകയും ബ്ലോക്ക് കമ്മിറ്റി ഓഫിസിനു മുൻപിൽ ധർണ നടത്തുകയും ചെയ്തു. സജീവിന്റെ സ്ഥാനാർഥിത്വത്തിനെതിരെ കഴിഞ്ഞ ദിവസം രണ്ടു ബ്ലോക്ക് കമ്മിറ്റി ഓഫിസുകൾ പൂട്ടിയിടുകയും കരിങ്കൊടി കെട്ടുകയും ചെയ്തിരുന്നു.
കെ.സി.ജോസഫിലൂടെ വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെ പരിഗണിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.
മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതിലും കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം. രക്തസാക്ഷി ഷുഹൈബിന്റെ മണ്ഡലം പാര്‍ട്ടി ഏറ്റെടുക്കണമെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. മട്ടന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വവും. സമൂഹമാധ്യമങ്ങളിലാണ് പ്രതിഷേധം ആളിക്കത്തുന്നത്. ഷുഹൈബിന്റെ മട്ടന്നൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണമെന്നാണ് ആവശ്യം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കല്ലാതെ വോട്ട് നല്‍കില്ലെന്ന നിലപാടില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉറച്ച് നില്‍ക്കുന്നു. പ്രാദേശിക വികാരം മാനിക്കാതെ മണ്ഡലം ഏകപക്ഷീയമായി ആര്‍എസ്പിക്ക് നല്‍കിയെന്നും ആക്ഷേപമുണ്ട്. മട്ടന്നൂര്‍ ഘടകകക്ഷിക്ക് നല്‍കുന്നതിലുള്ള എതിര്‍പ്പ് ഡിസിസി നേതൃത്വം നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. തീരുമാനത്തില്‍ ഷൂഹൈബിന്റെ കുടുംബത്തിനും അമര്‍ഷമുണ്ടെന്നാണ് സൂചന. ആര്‍എസ്പി കേന്ദ്ര കമ്മിറ്റി അംഗവും, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ഇല്ലിക്കല്‍ അഗസ്തിയാണ് മട്ടന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. 44 വര്‍ഷത്തിനു ശേഷമാണ് കണ്ണൂരില്‍ അപ്രതീക്ഷിതമായി ഒരു സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചത്.
English Summary : Protest in Congress over candidature