നാലിടത്ത് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ; ചടയമംഗലത്ത് ജെ.ചിഞ്ചുറാണി
Mail This Article
കൊല്ലം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലത്ത് പാർട്ടി ദേശീയ- സംസ്ഥാന കൗൺസിൽ അംഗവും വനിതാ നേതാവുമായ ജെ. ചിഞ്ചുറാണി മത്സരിക്കും. നാട്ടികയിൽ സി.സി. മുകുന്ദൻ, ഹരിപ്പാട് ആർ.സജിലാൽ, പറവൂരിൽ എം.ടി.നിക്സൺ എന്നിവരും മത്സരിക്കും. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിൽ 21 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രണ്ടിൽ കൂടുതൽ സീറ്റുകളിൽ പാർട്ടി മത്സരിക്കുന്ന ജില്ലകളിൽ ഒരു വനിതയെ സ്ഥാനാർഥിയാക്കണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ്- കൗൺസിൽ യോഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് ചടയമംഗലത്ത് ചിഞ്ചുറാണിക്ക് നറുക്കുവീണത്. സിപിഐ പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന വിമർശനവും കാരണമായി. നേരത്തെ പ്രഖ്യാപിച്ച 21 സ്ഥാനാർഥികളിൽ ഒരു വനിത മാത്രമാണ് ഉണ്ടായിരുന്നത് (വൈക്കം: സി.കെ. ആശ). ഇതോടെ സിപിഐ സ്ഥാനാർഥി പട്ടികയിൽ രണ്ടു വനിതകളായി.
അതേസമയം, നാട്ടികയിൽ സീറ്റിങ് എംഎൽഎ ഗീതാ ഗോപിയെ ഒഴിവാക്കിയാണ് സി.സി. മുകുന്ദനെ സ്ഥാനാർഥിയാക്കിയത്. 2 തവണ ഇവിടെ വിജയിച്ച ഗീതാ ഗോപി എംഎൽഎയുടെ പേര് ജില്ലാ എക്സിക്യൂട്ടീവ് നൽകിയ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു. ഗീതാ ഗോപി തന്നെ മത്സരിക്കണമെന്നു സംസ്ഥാനത്തെ ചില പ്രമുഖ നേതാക്കൾ നിർദേശിച്ചു. എന്നാൽ പ്രാദേശിക എതിർപ്പുകൾ ശക്തമായതോടെ മുകുന്ദനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
English Summary: CPI Announced Four More Candidates