ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുത്; പട്ടിക വൈകേണ്ട കാര്യമില്ലെന്ന് കെ.മുരളീധരന്
Mail This Article
കോഴിക്കോട്∙ ഐശ്വര്യ യാത്രയുടെ ഐശ്വര്യം നേതൃത്വം കളയരുതെന്ന് കെ.മുരളീധരൻ എംപി. ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നീട്ടേണ്ട ഒരു കാര്യവുമില്ല. ഹൈക്കമാൻഡ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പ്രതിഷേധം പണ്ടേയുണ്ട്. പ്രകടനവും പോസ്റ്റർ ഒട്ടിക്കലും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വട്ടിയൂർക്കാവിൽ ഞാൻ ആദ്യം ചെന്നപ്പോൾ എനിക്കെതിരെ പന്തംകൊളുത്തി പ്രകടനമുണ്ടായി. അവിടെ 16000 വോട്ടിനാണ് ഞാൻ വിജയിച്ചത്. പന്തം കൊളുത്തി പ്രകടനവും പോസ്റ്റർ ഒട്ടിക്കലുമെല്ലാം ഇരുട്ടിന്റെ സന്തതികളുടെ പ്രവർത്തനമാണ്.
ഏത് ചുമതല ഏൽപ്പിച്ചാലും ചെയ്യും. അതിന് പ്രത്യേകിച്ച് പ്രതിഫലം ചോദിക്കുന്ന ആളല്ല. കെ.കരുണാകരനോ, അദ്ദേഹത്തിന്റെ മകനോ പ്രതിഫലം ചോദിച്ച് സ്ഥാനാർഥിയായിട്ടില്ല. മത്സരിക്കണോ മത്സരിക്കും, മാറി നിൽക്കണോ മാറി നിൽക്കും. കരുത്തർ, ദുർബലർ എന്ന വിഭാഗമൊന്നുമില്ല, കൈപ്പത്തി, കോൺഗ്രസ് യുഡിഎഫ് ആണെങ്കിൽ ജയിച്ചിരിക്കും. പാർട്ടി എന്താവശ്യപ്പെട്ടാലും ചെയ്യുന്നതാണു ശീലം. പാർട്ടിയിൽ തിരിച്ചെത്തിയതിനു ശേഷം ഹൈക്കമാൻഡ് ആവശ്യപ്പെട്ട ഏതുകാര്യവും അനുസരിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ പറഞ്ഞാൽ നേമത്ത് മത്സരിക്കുമോ എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ട.
നേമത്തിന്റെ കാര്യത്തിൽ പ്രത്യേക ആശങ്കയുണ്ടാകേണ്ട കാര്യമില്ല. വട്ടിയൂർകാവിനോടു തൊട്ടടുത്തു കിടക്കുന്ന മണ്ഡലമാണ്. വളരെ ദുർബലമായ ഒരു ഘടകകക്ഷിക്ക് സീറ്റ് കൊടുത്തതുകൊണ്ടാണ് ആദ്യം തോറ്റത്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വരെ എൽഡിഎഫിന്റെ ഭാഗമായിരുന്നയാളെ പിന്നീട് യുഡിഎഫ് സ്ഥാനാർഥിയാക്കിയാൽ ജനം സ്വീകരിക്കുമോ? ഇക്കാരണങ്ങൾ കൊണ്ടാണ് അവിടെ കഴിഞ്ഞ 2 തവണ തോറ്റത്.
ചില നേതാക്കളുടെ പ്രതികരണം കണ്ടാൽ തോന്നും എല്ലാം കോൺഗ്രസ് ജയിക്കുന്ന സീറ്റുകളാണെന്ന്. സ്ഥിരമായി തോൽക്കുന്ന സീറ്റുകളെങ്കിലും ഘടകകക്ഷികൾക്ക് കൊടുക്കാൻ സമ്മതിച്ചില്ലെങ്കിൽ എങ്ങനെയാണ്?. വീരേന്ദ്രകുമാര്‍ പോയപ്പോഴും ഒപ്പം നിന്നയാളാണ് മലമ്പുഴയിലെ സ്ഥാനാര്‍ഥി ജോണ്‍ ജോണ്‍. സിപിഎം ആണെങ്കിൽ ഉള്ള സീറ്റ് വിട്ടു കൊടുത്തിട്ട് ഘടക കക്ഷികളെ മത്സരിപ്പിക്കുന്നുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.
English Summary: K Muraleedharan criticises congress about candidate list