ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം പ്രചാരണമാരംഭിച്ച് മൂന്നു ദിവസം പിന്നിടുമ്പോഴും സ്ഥാനാർഥിപട്ടിക പ്രഖ്യാപിക്കാനാകാതെ കോൺഗ്രസും ബിജെപിയും. ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നു ഡൽഹിയിൽ യോഗം ചേരുന്നുണ്ട്. പ്രഖ്യാപനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഉണ്ടാകും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

81 സ്ഥാനാർഥികളെ നിശ്ചയിച്ചതായി കോൺഗ്രസ് നേതൃത്വം പറയുമ്പോഴും നേമം ഉൾപ്പെടെയുള്ള പത്ത് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതിനാൽ പ്രഖ്യാപനം വൈകുകയാണ്. നേമത്തു മത്സരിക്കുമെന്ന വാർത്തകൾ ഉമ്മൻചാണ്ടി നിഷേധിച്ചു. പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടി. ഹരിപ്പാട് മത്സരിക്കുമെന്നു ചെന്നിത്തലയും വ്യക്തമാക്കി. ഇതോടെ നേമത്തെ ശക്തനായ സ്ഥാനാർഥിയാരെന്ന ചോദ്യത്തിന് ഉത്തരം നീളുകയാണ്.

ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കു കൊല്ലം സീറ്റ് ലഭിക്കില്ലെന്ന സൂചനയെത്തുടർന്നു നാടകീയ രംഗങ്ങളുണ്ടായി. പ്രവർത്തകർക്കു മുന്നിൽ ബിന്ദുകൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദുവിനു സീറ്റു ലഭിക്കില്ലെന്ന വാർത്തകൾ വന്നതോടെ മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചു. കുണ്ടറ സീറ്റിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടെന്നും അവിടെ മത്സരിക്കാന്‍ താൽപര്യമില്ലെന്നും ബിന്ദു വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നു മലമ്പുഴ സീറ്റ് വേണ്ടെന്നു ഭാരതീയ നാഷണൽ ജനതാദൾ പ്രഖ്യാപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാനാണ് സാധ്യത. നേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപിയുടെ പേരും ഉയരുന്നു. ചാത്തന്നൂരിൽ ശോഭാ സുരേന്ദ്രന്‍ മത്സരിക്കണമെന്ന നിർദേശവും പാർട്ടി നേതൃത്വത്തിൽനിന്നുണ്ടായി. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭന്‍ മത്സരിച്ചേക്കും.

മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ മകനും കളമശേരിയിലെ ലീഗ് സ്ഥാനാർഥിയുമായ വി.ഇ. ഗഫൂറിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരൂരങ്ങാടിയിൽനിന്ന് കെ.പി.എ. മജീദിനെ മാറ്റണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തേക്കിറങ്ങി. സിപിഐ നാല് മണ്ഡലങ്ങളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സ്ഥാനാർഥി നിർണയം പൂർത്തിയാക്കി.

Content Highlights: Kerala Assembly Election, CPM, Congresss, BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com