പുതിയ ഐടി നിയമം: പാരമ്പര്യമുള്ള സ്ഥാപനങ്ങളുടെ ന്യൂസ് വെബ്‌സൈറ്റുകളെ ഒഴിവാക്കണം: ഡിഎൻപിഎ
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഐടി നിയമങ്ങളുടെ ഭാഗമായുള്ള ത്രിതല നിയന്ത്രണ ചട്ടക്കൂടിന്റെ പരിധിയിൽനിന്ന് പാരമ്പര്യമുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ ന്യൂസ് വെബ്‌സൈറ്റുകളെ ഒഴിവാക്കണമെന്നു ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഡിഎൻപിഎ). കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായുള്ള വിഡിയോ കോൺഫറൻസിലാണ് ഡിഎൻപിഎ ഈ ആവശ്യം ഉന്നയിച്ചത്.
പതിറ്റാണ്ടുകളായി പ്രഫഷണലായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായതിനാൽ കൃത്യമായ വിവരങ്ങൾ മാത്രം ഉറപ്പു വരുത്തുന്നതിനായി ന്യൂസ് റൂമുകളിൽ നിരവധി പ്രക്രിയകൾ നടക്കുന്നുണ്ടെന്നു ഡിഎൻപിഎ കേന്ദ്രമന്ത്രിയെ അറിയിച്ചു. കൃത്യമായ വിവരങ്ങും വാർത്തകളും പങ്കുവയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഡിഎൻപിഎ, കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ വരുത്തിയേക്കാവുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കയും അറിയിച്ചു.
നാഷനൽ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ (എൻബിഎസ്‌എ) പരിധിയിൽ വരുന്ന ടെലിവിഷൻ വാർത്തകളും, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പിസിഐ) മാനദണ്ഡങ്ങൾ പാലിക്കുന്ന അച്ചടി മാധ്യമങ്ങളും അവരുടെ ന്യൂസ് റൂമുകളിൽ ധാരാളം പരിശോധനകളും അവശ്യവേണ്ട സന്തുലനവും പാലിക്കുന്നുണ്ട്. വെബ്‌സൈറ്റുകളിൽ കൊടുക്കുന്ന ഭൂരിഭാഗം ഉള്ളടക്കവും ടിവി ചാനലുകളും പത്രങ്ങളും കൊടുക്കുന്നതു തന്നെയായിരിക്കും– ഡിഎൻപിഎ ചൂണ്ടിക്കാട്ടി.
എല്ലാ ഭാഷകളിലും ഏറ്റവും വിശ്വസനീയമായ വാർത്തകൾ ഇന്ത്യൻ പ്രേക്ഷകർക്കു നൽകുകയും സ്വയം നിയന്ത്രണം പാലിക്കുകയും ചെയ്യുക എന്നതാണു ഡിഎൻപിഎ രൂപീകരിച്ചതിനു പിന്നിലെ ലക്ഷ്യങ്ങളിലൊന്ന്. വ്യാജ വാർത്തകളെ നേരിടുന്നതു സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ഡിഎൻപിഎ വ്യക്തമാക്കി. ഇന്ത്യ ടുഡേ ഗ്രൂപ്പ്, ദൈനിക് ഭാസ്‌കർ, ടൈംസ് ഓഫ് ഇന്ത്യ (ടിഒഐ) ഡിജിറ്റൽ, ഈനാട്, എബിപി, മലയാള മനോരമ, എൻഡിടിവി, ദൈനിക് ജാഗരൺ, അമർ ഉജാല, ദി ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ലോക്മത് എന്നീ സ്ഥാപന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
വിവിധ പ്ലാറ്റ്ഫോമുകളാണെങ്കിലും ന്യൂസ് റൂമുകൾ ഇടകലർന്നതിനാൽ ഉള്ളടക്കം സമാനമാണ്. പരാതികൾ പരിഹരിക്കുന്നതിനായി ആന്തരിക സംവിധാനങ്ങളുണ്ടെന്നും ഡിഎൻപിഎ പറഞ്ഞു. ഡിജിറ്റൽ വാർത്താ പ്രസാധകർക്കായുള്ള നിയമങ്ങളെക്കുറിച്ചുള്ള അവലോകനം ജാവഡേക്കർ നൽകി. അടിസ്ഥാന വിവരങ്ങൾ ലളിതമായ രൂപത്തിൽ പ്രസാധകർ നൽകേണ്ടതുണ്ട്. മാധ്യമ വ്യവസായത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കാണു സർക്കാർ ശ്രമിക്കുന്നത്. യോഗത്തിൽ വിലപ്പെട്ട നിർദേശങ്ങൾ നൽകിയതിനു നന്ദി അറിയിച്ച ജാവഡേക്കർ, സർക്കാർ ഇവ പരിശോധിക്കുമെന്ന് ഉറപ്പു നൽകി.
വാർത്താ വെബ്‌സൈറ്റുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, സമൂഹമാധ്യമ കമ്പനികൾ എന്നിവയ്‌ക്കായി പുതിയ അടിസ്ഥാന നിയമങ്ങൾ ഏർപ്പെടുത്തുന്ന ഐടി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) നിയമങ്ങൾ 2021 സർക്കാർ കഴിഞ്ഞ മാസം കൊണ്ടുവന്നിരുന്നു.
‘ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷനുമായി ആശയവിനിമയം നടത്തി. ഡിജിറ്റൽ മീഡിയയ്‌ക്കായുള്ള പുതിയ നിയമങ്ങൾ ചർച്ച ചെയ്തു. അവർ പുതിയ നിയമങ്ങളെ സ്വാഗതം ചെയ്യുകയും കുറച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു അവ പരിശോധിക്കും’– യോഗത്തിനു ശേഷം ജാവഡേക്കർ ട്വീറ്റ് ചെയ്തു.
‘ക്രിയാത്മക കൂടിക്കാഴ്ചയ്ക്കു ഡിഎൻപിഎ കേന്ദ്രമന്ത്രിയോടു നന്ദി പറയുന്നു. മാധ്യമസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ ഡിഎൻപിഎ നൽകി. സംഘടനയിലെ എല്ലാ അംഗങ്ങളും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെയും എൻബിഎസ്‌എയുടെയും ചട്ടങ്ങൾ പാലിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്നും ഊന്നിപ്പറഞ്ഞു’– ഡിഎൻപിഎ ട്വീറ്റിൽ വ്യക്തമാക്കി.
English Summary: DNPA urges I&B ministry to exempt legacy media companies from new IT rules