സമരം നീളും; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ: ഉയരുന്നത് 2000 ത്തോളം ഭവനങ്ങൾ
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്കു കടക്കുന്നതോടെ ഹരിയാന അതിർത്തിയിലെ തിക്രിയിൽ കർഷകർ ഇഷ്ടിക വീടുകൾ നിർമിക്കുന്നു. സമരം അനന്തമായി നീളുന്നതും വരാനിരിക്കുന്ന വേനല്‍കാലത്തെ അതിജീവനവും കണക്കിലെടുത്താണ് അതിർത്തിയിൽ കർഷകർ വീടുകൾ പണിയുന്നത്. തിക്രി അതിർത്തിയിൽ 25 ഓളം വീടുകൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു.
കിസാൻ സോഷ്യൽ ആർമിയുടെ നേതൃത്വത്തിലാണ് വീട് നിർമാണം. ഇത്തരം വീടുകൾ നിർമിക്കുന്നതിനു കർഷകരുടെ കൈയ്യിൽ നിന്ന് പണം ഈടാക്കുന്നില്ലെങ്കിലും നിർമാണ സാമഗ്രികൾക്കു കർഷകർ പണം നൽകണം. 20,000 മുതൽ 25,000 രൂപ വരെയാണ് ഓരോ വീടിനും ചെലവ് വരിക. അതിർത്തിയിൽ ഇത്തരത്തിലുള്ള 2000 വീടുകളെങ്കിലും പണിതീർക്കാനാണ് നീക്കം.
കത്തുന്ന വേനലിൽ താത്കാലിക കേന്ദ്രങ്ങളിൽ തുടരാനാകാത്തതും കേന്ദ്രസർക്കാരിന്റെ നിസംഗ മനോഭാവം മൂലം സമരം അനന്തമായി നീളുന്നതുമാണ് വീടുകൾ പണിയാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. അതിർത്തിയിൽ പ്രതിഷേധിക്കുന്ന ഭൂരിഭാഗം കർഷകരും തങ്ങളുടെ ട്രാക്ടറുകളിൽ തന്നെയാണ് അന്തിയുറങ്ങുന്നത്. കൊയ്ത്തുകാലം അടുക്കുന്നതോടെ ട്രാക്ടറുകൾ ഗ്രാമങ്ങളിലേക്ക് തിരികെ എത്തിക്കേണ്ടി വരും. ഇത്തരത്തിലുള്ള പല ഘടകങ്ങളും കണക്കിലെടുത്താണ് അതിർത്തിയിൽ വീടുകൾ പണിയാൻ തീരുമാനിച്ചതെന്നു കർഷക സംഘടനാ നേതാക്കൾ പറയുന്നു.
കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം 4 മാസം പൂർത്തിയാകുന്ന ഈ മാസം 26 നു ഭാരത് ബന്ദിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു . അന്നു രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു സംഘടനാ നേതാക്കൾ പറഞ്ഞു. ടോൾ പ്ലാസകൾ ഉപരോധിക്കും. ഡൽഹിയുടെ അതിർത്തി മേഖലകളായ സിംഘു, തിക്രി എന്നിവിടങ്ങളിലേക്കു വരുന്ന ആഴ്ചകളിൽ കൂടുതൽ കർഷകരെ എത്തിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. 28 നു വിവാദ നിയമങ്ങളുടെ പകർപ്പു കത്തിച്ചു പ്രതിഷേധിക്കും.
English Summary: Eyeing Long-Haul, Protesting Farmers Build Homes By Highway Near Delhi