പിണറായിക്കെതിരെ ഇല്ലെന്ന് ദേവരാജൻ; പകരമാളെ കണ്ടെത്താൻ കോൺഗ്രസ്
Mail This Article
കണ്ണൂർ ∙ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. ദേവരാജനെ മത്സരിപ്പിക്കാമെന്ന പ്രതീക്ഷയിൽ ധർമടം മണ്ഡലം കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്.
സിപിഎം പിബി അംഗത്തിനെതിരെ ദേശീയ സെക്രട്ടറി മത്സരിക്കേണ്ടെന്ന ഫോർവേഡ് ബ്ലോക്ക് കേന്ദ്രകമ്മിറ്റി നിലപാട് സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു. താൻ അല്ലാതെ പാർട്ടിയുടെ മറ്റാരെങ്കിലും മത്സരിച്ചാൽ മതിയെങ്കിൽ അതിനു തയാറാണെന്നും ദേവരാജൻ കോൺഗ്രസ് നേതൃത്വത്തോടു വ്യക്തമാക്കി.
ഇതോടെ ധർമടത്ത് ഇനിയാര് എന്നതിനു കോൺഗ്രസിന് ഉത്തരം കണ്ടെത്തേണ്ടിവരും. ബിജെപി ഇവിടെ ദേശീയ സമിതിയംഗം സി.കെ.പത്മനാഭനെയാണു പ്രഖ്യാപിച്ചിട്ടുള്ളത്.
English Summary: Congress searching for candidate against Pinarayi Vijayan