വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പണവും സ്വർണവുമായി നവവധു മുങ്ങി
Mail This Article
ലക്നൗ ∙ വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ പണവും സ്വർണവുമായി നവവധു മുങ്ങി. ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകൾക്കുശേഷം വരന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് വധുവിനെ കാണാതായത്. തുടർന്നുള്ള അന്വേഷണത്തിൽ പണവും സ്വർണവും ഉൾപ്പെടെ കൈക്കലാക്കിയാണു വധു മുങ്ങിയതെന്നു വ്യക്തമായി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം.
ഏറെ നാളായി വിവാഹം നടക്കാതിരുന്ന ഷാജഹാൻപുർ സ്വദേശിയായ 34കാരന് സഹോദരന്റെ ഭാര്യയാണ് ഫറൂഖാബാദിലെ ദരിദ്ര കുടുംബത്തിൽനിന്നുള്ള യുവതിയുമായി വിവാഹം തീരുമാനിച്ചത്. ഇരു കുടുംബങ്ങളെയും അറിയുന്ന രണ്ടു പേർ ഇടനിലക്കാരാകുകയും ചെയ്തു. വിവാഹ ചടങ്ങുകൾക്കായി വധുവിന്റെ വീട്ടുകാർ 30,000 രൂപയും വാങ്ങി.
ഇക്കഴിഞ്ഞ 12ന് ഫറൂഖാബാദിലായിരുന്നു വിവാഹം. തുടർന്ന് പൊവയാനിലെ വീട്ടിലേക്ക് വധുവിനെ കൊണ്ടുവന്നു. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വധുവിനെയും ഇവരെ പരിചയപ്പെടുത്തിയ രണ്ടു പേരെയും വീട്ടിൽനിന്നു കാണാതായി. പണവും സ്വർണവും ഉൾപ്പെടെ നഷ്ടപ്പെട്ടതായും വ്യക്തമായി.
ഇവർക്കായി വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചെന്നും കാണാതായവർക്കു വേണ്ടി തിരിച്ചിൽ നടത്തിവരികയാണെന്നും പൊവയാനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ രവി കുമാർ സിങ് പറഞ്ഞു.
English Summary: Bride runs away with cash and jewellery after her wedding