ADVERTISEMENT

കോട്ടയം∙ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിക്കുള്ളില്‍ അതൃപ്തി. ആരുമറിയാത്ത സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് ഏറ്റുമാനൂരിലെ ബിജെപി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അപമാനിക്കുകയായിരുന്നുവെന്ന ആരോപണമാണ് നേതാക്കള്‍ ഉള്‍പ്പെടെ ഉന്നയിക്കുന്നത്. തീരുമാനമുണ്ടാകുന്നതു വരെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ ജില്ലാ, സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലതികാ സുഭാഷിനു സീറ്റ് നിഷേധിക്കപ്പെട്ടതിനെ ചൊല്ലി യുഡിഎഫിനു തലവേദനയായ ഏറ്റുമാനൂര്‍ മണ്ഡലമാണ് ഇപ്പോള്‍ എന്‍ഡിഎയ്ക്കും അഴിയാക്കുരുക്കാകുന്നത്. 

ഏറ്റുമാനൂരില്‍ ഭരത് കൈപ്പാറേടന്‍ ആണു ബിഡിജെഎസ് സ്ഥാനാര്‍ഥി. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ജെഡിയു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ ബിജു കൈപ്പാറേടന്റെ മകനാണ് ഭരത്. കളമശേരിയില്‍ ആര്‍ക്കിടെക്ട് ആയ ഭരത് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റാണ്. ഇദ്ദേഹത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് മത്സരമാണിത്. 

ബിഡിജെഎസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു ശേഷമാണ് പ്രാദേശിക ബിജെപിയുടെ പ്രാദേശികനേതാക്കള്‍ ഭരത്തിനെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഭരത് ആരാണെന്നുള്ള ചോദ്യത്തിനു മറുപടി പറയാന്‍ കഴിയാതെ ആദ്യദിവസങ്ങളില്‍ കുഴഞ്ഞുപോയെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പലയിടത്തും വിളിച്ചു ചോദിച്ചതിനു ശേഷമാണ് ആരാണ് ഭരത് എന്ന് അറിയാന്‍ കഴിഞ്ഞതെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. 

2016ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥി എ.ജി. തങ്കപ്പന്‍ ഏറ്റുമാനൂരില്‍ 27,540 വോട്ട് നേടിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നഗരസഭയില്‍ ഏഴ് കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. കുമരകം, അയ്മനം പഞ്ചായത്തുകളിലും നിരവധി സീറ്റുകള്‍ നേടുക വഴി നിര്‍ണായക ശക്തിയാകാന്‍ ബിജെപിക്കു കഴിഞ്ഞിരുന്നു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിനു പിന്നാലെ ഏറ്റുമാനൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കണമെന്നും പ്രമുഖനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്നും പ്രാദേശിക നേതാക്കള്‍ ജില്ലാ, സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ബിഡിജെഎസിനാണു സീറ്റെങ്കില്‍ എസ്എന്‍ഡിപിയുടെ സമുന്നതരായ നേതാക്കള്‍ ആരെങ്കിലും മത്സരിക്കണമെന്നും ആവശ്യമുന്നിയിച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോഴും ഈ ആവശ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് പുതുമുഖമായ ഭരത് കൈപ്പാറേടനെ പ്രഖ്യാപിച്ചത്. ബിജെപി-സിപിഎം ഒത്തുകളിയാണെന്ന മറ്റു പാര്‍ട്ടികളുടെ ആരോപണത്തിനു മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഏറ്റുമാനൂരിലെ ബിജെപി നേതാക്കള്‍ പറഞ്ഞു. 

'സംസ്ഥാനത്താകെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്‌ളാദിക്കുമ്പോള്‍ ഏറ്റുമാനൂരിലെ പ്രവര്‍ത്തകര്‍ മാത്രം നിരാശയില്‍. ആരാണ് ഇതിന്റെ കാരണക്കാര്‍?' - എന്നാണ് ഒരു പാര്‍ട്ടി ഭാരവാഹി സമൂഹമാധ്യമത്തില്‍ കുറിച്ചത്. പിന്നീട് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

English Summary: Confusion in Ettumanoor BJP, NDA on BDJS Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com