ADVERTISEMENT

കൊച്ചി∙ സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുമെന്ന നിലപാട് ആവർത്തിച്ച് ഐഎൻടിയുസി. ബാക്കി മണ്ഡലങ്ങളിലെ പട്ടിക വരുമ്പോൾ അതിലും അവഗണനയാണെങ്കിൽ 17ന് സബ്കമ്മിറ്റി കൂടി ഏതൊക്കെ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മൽസരിപ്പിക്കണമെന്ന് തീരുമാനിക്കുമെന്ന് ഐഎൻടിയുസി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി മനോരമ ഓൺലൈനോടു പറഞ്ഞു. നാളെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധ ജാഥ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിൽ മണപ്പാട്ടിപ്പറമ്പിൽ നിന്നു തുടങ്ങി ഹൈക്കോടതി ജങ്ഷൻ വരെയാണ് ജാഥയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിൽ നടക്കുന്നത് മാഫിയ ഭരണമാണെന്ന് ഐഎൻടിയുസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ പ്രതികരിച്ചു. സ്പോൺസറില്ലാതെ കോൺഗ്രസിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ലീഡറിനു ശേഷം ഐഎൻടിയുസിയെ ആരും പരിഗണിച്ചിട്ടില്ല. ചെന്നിത്തലയും ഉമ്മൻചാണ്ടിയും വന്നശേഷം രാജ്യത്തെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനയായിട്ടു കൂടി അവഗണിക്കുകയാണ്. 

യുവജനങ്ങൾക്കു കൊടുക്കണമെന്നു പറയുമ്പോൾ പ്രായമുള്ളവരെ കൊന്നു കളയാനാകുമോ എന്നു പറയണം. കെപിസിസിക്ക് ഐഎൻടിയുസി 21 പേരുടെ പട്ടിക നൽകിയപ്പോൾ ഷോട്‍ലിസ്റ്റ് ചെയ്തു തരാൻ ആവശ്യപ്പെട്ടു. അങ്ങനെ അഞ്ചു പേരുടെ പട്ടിക നൽകിയെങ്കിലും ഒന്നു പോലും പരിഗണിച്ചില്ല. ഇതിൽ കഠിനമായ പ്രതിഷേധമുണ്ട്. ഏറ്റവും കൂടുതൽപ്രവർത്തനം നടക്കുന്ന സംഘടനയായിട്ടും അവഗണിക്കുകയായിരുന്നു. കേരളത്തിൽ 35 ലക്ഷം അംഗത്വമുള്ള സംഘടനയാണ് ഐഎൻടിയുസി എന്ന് ഓർ‍മിക്കണം.

വൈപ്പിനിൽ സ്ഥാനാർഥിയാക്കിയ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോഓർ‍ഡിനേറ്റർ അഞ്ചു പേരെ പോലും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്തയാളാണ്. കെ.വി. തോമസ് ചോദിച്ചിട്ട് ഒരു സീറ്റു കൊടുത്തില്ലെന്നാണ് പറയുന്നത്. ഹൈബിയെക്കുറിച്ചാണ് അദ്ദേഹം പരാതി പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പി.സി. ചാക്കോ ചേരാനല്ലൂരിൽ ഒരു സീറ്റ് ചോദിച്ചിട്ട് കൊടുത്തില്ല. എന്നിട്ട് ഹൈബി പറഞ്ഞ് സീറ്റുനൽകിയ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേയ്ക്കു പോയി. കൊച്ചി കോർപ്പറേഷൻ യുഡിഎഫിനു പോയത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. സൗത്ത്, പെരുമാനൂർ, രവിപുരം സീറ്റുകൾ എങ്ങനെ പോയി എന്നതും എല്ലാവർക്കും അറിയാം. എന്നിട്ടും എന്തുകൊണ്ട് ഭരണം നഷ്ടപ്പെട്ടെന്ന് ഇവർ ആലോചിച്ചിട്ടില്ല. 

സൗമിനി ജയിൻ മേയർ എന്ന നിലയിൽ പരാജയമായിരുന്നു. 10 വർഷം കിട്ടിയിട്ട് യുഡിഎഫിന് കോർപ്പറേഷൻ ഓഫിസ് പോലും പൂർത്തിയാക്കാനായില്ല. ഇവർക്കു പിന്നിൽ ടോണി ചമ്മണിയാണ്. ഒരു സുപ്രഭാതത്തിൽ പൊട്ടി വിരിഞ്ഞയാളാണ് അദ്ദേഹം. സീനിയറായിട്ടും ഹൈബിയുടെയും വിനോദിന്റെയും വേണുഗോപാലിന്റെയും അടുത്ത് ചോദിച്ചിട്ട് കോർപ്പറേഷനിലേയ്ക്ക് ഒരു സീറ്റ് കിട്ടിയിട്ടില്ല. മാഷിന് ഒരു സീറ്റ് കിട്ടിയില്ലെന്നു പരാതി പറഞ്ഞില്ലേ, മാഷിരുന്നപ്പോഴും ആർക്കും െചയ്തിട്ടില്ലല്ലോ എന്ന് അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. മാഫിയ ഭരണം അവസാനിപ്പിച്ചാലേ കോൺഗ്രസ് രക്ഷപെടുകയുള്ളൂ.  എന്നും അദ്ദേഹം പറഞ്ഞു.

English Summary: INTUC threatens to field candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com