മത്സരിക്കാൻ പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറിയത് ശോഭ; ഇക്കുറി മത്സരിക്കും: സുരേന്ദ്രൻ
Mail This Article
പത്തനംതിട്ട∙ ശോഭാ സുരേന്ദ്രന്‍ ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ എല്ലാവരും പറഞ്ഞതാണ്. അവര്‍ തന്നെയാണ് മല്‍സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്. ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലാത്തതു കൊണ്ട് നീക്കുകയായിരുന്നുവെന്ന് അഭ്യൂഹങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കെ.സുരേന്ദ്രൻ രംഗത്തെത്തിയത്. കേരളത്തിന്റെ ചുമതലയുള്ള പ്രൾഹാദ് ജോഷി ശോഭാ സുരേന്ദ്രനെ വിളിച്ച് മത്സരത്തിനു തയാറെടുക്കാൻ അഭ്യർഥിച്ചിരുന്നു.
മുതിർന്ന നേതാക്കളിലൊരാൾ തന്നെ വിളിച്ച് സ്ഥാനാർഥിയാകണമെന്ന് അഭ്യർഥിച്ചതായി ശോഭ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തു. താൽക്കാലിക പട്ടികയിൽ ചാത്തന്നൂരിൽ ശോഭയുടെ പേര് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ പേരുണ്ടായിരുന്നില്ല. കെ.സുരേന്ദ്രൻ രാജിഭീഷണി മുഴക്കിയാണ് പേര് ഒഴിവാക്കിച്ചതെന്ന് ശോഭ സുരേന്ദ്രനുമായി അടുത്തവർ ആക്ഷേപിക്കുന്നുണ്ട്.
English Summary: K Surendran announces candidature of Shobha Surendran