ADVERTISEMENT

തിരുവനന്തപുരം∙ സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയായതോടെ മൂന്നു മുന്നണികളും പ്രചാരണ രംഗത്ത് സജീവമായി. വട്ടിയൂർക്കാവ് ഉൾപ്പെടെ 7 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. വടകര സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുമെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ വ്യക്തമാക്കിയെങ്കിലും കെ.കെ.രമ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായി പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 

വടകരയിൽ ആർഎംപി പ്രതിനിധിയായി കെ.കെ.രമ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നാണ് കോൺഗ്രസ് നിലപാട്. ധർമടം സീറ്റ് ഫോർവേഡ് ബ്ലോക്ക് കോൺഗ്രസിനു വിട്ടുനൽകി. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 93 ആയി. സീറ്റു നിഷേധിക്കപ്പെട്ട ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചു. അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ എഐസിസി അംഗത്വം അവർ രാജിവച്ചു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച പാലക്കാട് മുൻ ഡിസിസി അധ്യക്ഷൻ എ.വി.ഗോപിനാഥുമായി ഉമ്മൻചാണ്ടി ചൊവ്വാഴ്ച ചർച്ച നടത്തും.

കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിനു നൽകിയതിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തു നാമനിർദേശപത്രിക നൽകി. മന്ത്രി കെ.ടി.ജലീലും പത്രിക നല്‍കി. തിരൂരിൽ സിപിഐ സ്ഥാനാർഥിയെ മാറ്റി. സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്താണു പുതിയ സ്ഥാനാർഥി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കോളാടിയെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മുസ്‍ലിം ലീഗ് കെ.പി.എ. മജീദിനെ സ്ഥാനാർഥിയാക്കിയതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ മുതലെടുക്കാനാണ് സ്ഥാനാർഥിയെ മാറ്റിയത്.

ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ മത്സരംഗത്തുണ്ടാകുമെന്നു സൂചന നൽകി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണമുണ്ടായി. ശോഭയോടു മത്സരിക്കാൻ പറഞ്ഞെങ്കിലും അവർ ഒഴിഞ്ഞുമാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്തേക്കാണ് ശോഭയെ പരിഗണിക്കുന്നത്. കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന നിലപാടിലാണ് ശോഭ. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങൾ ബിജെപി തിരിച്ചെടുത്തു. കൊടുങ്ങല്ലൂർ, ഉടുമ്പൻചോല മണ്ഡലങ്ങളാണു തിരിച്ചെടുത്തത്. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെന്നു നിലപാടെടുത്തതോടെയാണ് കൊടുങ്ങല്ലൂർ സീറ്റ് തിരിച്ചെടുത്തതെന്നാണ് സൂചന. 

English Summary: Three major political alliances gear up for Kerala Assembly Election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com